LiveTV

Live

Kerala

കൊവിഡ് വ്യാപനം: സര്‍ക്കാരിന്റെ രണ്ട് നിലപാട് ശരിയല്ലെന്ന് മുസ്തഫ മുണ്ടുപാറ

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തെ അഭിനന്ദിക്കുമ്പോൾ തന്നെ ഇതിന്റെ വ്യാപനത്തിനിടയാക്കുന്ന കൂടിച്ചേരലുകളുടെ കാര്യത്തിൽ വ്യക്തമായൊരു നിലപാടുണ്ടാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നത് ബോധ്യമാവുകയാണ്

കൊവിഡ് വ്യാപനം: സര്‍ക്കാരിന്റെ രണ്ട് നിലപാട് ശരിയല്ലെന്ന് മുസ്തഫ മുണ്ടുപാറ

കൊവിഡ് വ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ രണ്ട് നിലപാട് ശരിയല്ലെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. ബീവറേജിലെ ആൾക്കൂട്ടത്തെ വീഡിയോ കോൺഫ്രൻസിൽ ഒന്നിലധികം ജില്ലകളിൽ നിന്ന് ചോദ്യം ചെയ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിക്ക് അതിന് കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുമ്പോൾ സർക്കാരെടുക്കുന്ന മറ്റു മുൻകരുതലുകളും നിർദ്ദേശങ്ങളും ആത്മാർത്ഥതയോടെയല്ലേന്ന് സംശയിക്കേണ്ടി വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമര്‍ശിച്ചു.

മുസ്തഫ മുണ്ടുപാറയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊവിഡ് 19മായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ജില്ലാ കേന്ദ്രങ്ങളിൽ വിളിച്ചു ചേർത്ത വീഡിയോ കോൺഫ്രൻസിന്റെ ഭാഗമായി കോഴിക്കോട്ട് കലക്ടേറ്റിലെ മീറ്റിംഗിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തെ അഭിനന്ദിക്കുമ്പോൾ തന്നെ ഇതിന്റെ വ്യാപനത്തിനിടയാക്കുന്ന കൂടിച്ചേരലുകളുടെ കാര്യത്തിൽ വ്യക്തമായൊരു നിലപാടുണ്ടാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നത് ബോധ്യമാവുകയാണ്. ആരാധനാലയങ്ങളും കല്യാണാഘോഷങ്ങളുമുൾപെടെ നിയന്ത്രിക്കണമെന്ന് നിർദ്ദേശമുയരുമ്പോൾ തന്നെ ബീവറേജിലെ വൻ ആൾക്കൂട്ടവും ബസ്സുകളിലെയും ട്രൈനുകളിലെയും വൻ ജനാവലിയും നിയന്ത്രിക്കപ്പെടാതെ പോകുന്നതിലെ ലോജിക്ക് എന്താണെന്നത് മനസ്സിലാകുന്നില്ല. ബീവറേജിലെ ആൾക്കൂട്ടത്തെ വീഡിയോ കോൺഫ്രൻസിൽ ഒന്നിലധികം ജില്ലകളിൽ നിന്ന് ചോദ്യം ചെയ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിക്ക് അതിന് കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുമ്പോൾ സർക്കാരെടുക്കുന്ന മറ്റു മുൻകരുതലുകളും നിർദ്ദേശങ്ങളും ആത്മാർത്ഥതയോടെയല്ലേന്ന് സംശയിക്കേണ്ടി വരികയാണ്. ഒരേ വിഷയത്തിൽ രണ്ടു തരം നിലപാട് ശരിയല്ല. കൊറോണ വിഷയത്തിൽ സർക്കാർ എടുക്കുന്ന മാതൃകാപരമായ മറ്റു പ്രവർത്തനങ്ങളിലെ ആത്മാർത്ഥത സംശയിക്കപ്പെടുമ്പോൾ ഇത് സംബന്ധമായ മുഴുവൻ പ്ലാനിംഗുകളും തകിടം മറിയുമെന്നത് ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.