LiveTV

Live

Kerala

കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടും,മദ്യശാലകള്‍ പൂട്ടില്ല

കോവിഡ് 19മായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിഗൌരവമായ സാഹചര്യത്തിന് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നാണ് മന്ത്രിസഭ യോഗത്തിന്‍റെ വിലയിരുത്തല്‍

കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടും,മദ്യശാലകള്‍ പൂട്ടില്ല

കോവിഡ് 19 സാമൂഹ്യവ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലര്‍ത്താന്‍ മന്ത്രിസഭ തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടക്കില്ല. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കോവിഡ് 19മായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിഗൌരവമായ സാഹചര്യത്തിന് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നാണ് മന്ത്രിസഭ യോഗത്തിന്‍റെ വിലയിരുത്തല്‍. അടുത്ത മൂന്നാഴ്ച വളരെ നിര്‍ണ്ണായകമാണ്. നിലവില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള രോഗം സാമൂഹ്യവ്യാപനമായി മാറാനുള്ള സാധ്യതയുണ്ട്.അങ്ങനെ ഉണ്ടായാല്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ല. അതുകൊണ്ട് സാമൂഹ്യവ‍്യാപനം തടയാനാവശ്യമായ പ്രതിരോധ നടപടികളാണ് യോഗം ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്തത്. ജാഗ്രതയിൽ ഒരു വിട്ട് വീഴ്ചയും വേണ്ട,മുന്‍കരുതൽ നടപടിയുടെ ഭാഗമായി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വർധിപ്പിക്കും, റിട്ടയേർഡ് ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും, സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തിൽ പണം നോക്കാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിന് വിദഗ്ദ സമിതിയെ നിയോഗിക്കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടണമെന്നാവശ്യം പ്രതിപക്ഷം അടക്കം ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

മദ്യശാലകള്‍ കൂടി പൂട്ടിയാല്‍ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. പൂട്ടുന്നതിന് പകരം ബാറുകളിലും ബിവറേജുകളിലും സുരക്ഷ മുന്‍കരുതല്‍ ശക്തമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.