LiveTV

Live

Kerala

കോവിഡ് വ്യപാനം ശക്തമായിട്ടും കേരളത്തില്‍ മദ്യശാലകള്‍ അടക്കാത്തതിന്റെ കാരണമെന്ത്?

സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്നത് 1261 മദ്യപാന - വില്‍പന കേന്ദ്രങ്ങള്‍

 കോവിഡ് വ്യപാനം ശക്തമായിട്ടും കേരളത്തില്‍ മദ്യശാലകള്‍ അടക്കാത്തതിന്റെ കാരണമെന്ത്?

വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് കോവിഡ് 19 വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ജനസമ്പര്‍ക്ക സാധ്യതകളുള്ള പൊതു ഇടങ്ങളില്‍ ആളുകള്‍ എത്താതിരിക്കാനുള്ള നടപടികളാണ് ഇതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദ്യാലയങ്ങള്‍, ക്ഷേത്രങ്ങള്‍, മുസ്‍ലിം - കൃസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍വന്നുകഴിഞ്ഞു. പുറത്തിറങ്ങുന്നത് സ്വമേധയാ ഒഴിവാക്കി ജനങ്ങള്‍ സര്‍ക്കാറിനോട് സഹകരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ആരാധനലായങ്ങളിലെന്ന പോലെത്തന്നെ ആളുകൂടുന്ന മദ്യശാലകളിലും ഷോപ്പിങ് മാളുകളിലും വന്‍കിട വ്യാപാര കേന്ദ്രങ്ങളിലും ഇതുവരെ നിയന്ത്രണം വന്നിട്ടില്ല. ഇതില്‍ മദ്യവില്‍പന ശാലകളും മദ്യപാന കേന്ദ്രങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് ഇത്രയേറെ ആളുകള്‍ കൂടുന്ന സ്ഥലമായിട്ടും സ്വന്തം മദ്യശാലകളില്‍പോലും സര്‍ക്കാര്‍ കൈവക്കാത്തത്? സര്‍ക്കാറിന് അത് സ്വര്‍ണ മരമാണെന്നതുതന്നെ കാരണം.

പുരക്ക് ചാഞ്ഞാല്‍ വെട്ടണമെന്ന നാട്ടുനടപ്പില്‍ നിന്ന് ഇളവുകൊടുക്കേണ്ട അത്രയും വലിയ സ്വര്‍ണ മരമാണ് സര്‍ക്കറിന് മദ്യശാലകളെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 170 ബാറാണ് കേരളത്തില്‍ പുതുതായി തുറന്നത്. ഒരു ബാര്‍ തുറക്കാന്‍ അരങ്ങിലും അണിയറയിലുമായി ചിലവാകുന്നത് കോടികളാണ്. ഇപ്പോള്‍ കേരളത്തില്‍ ആകെ പ്രവര്‍ത്തിക്കുന്നത് 598 ബാറുകളും 357 ബിയര്‍/വൈന്‍ പാര്‍ലറുകളുമാണ്. ബിവറേജസ് കോര്‍പറേഷന്റെ 270 ഔട്ട്‍ലറ്റുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 36 ഔട്ട‍ലറ്റുകളുമുണ്ട്. ആകെ മദ്യപാന - വില്‍പന ശാലകള്‍ 1261. മദ്യമേഖലയില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം കോടികളാണ്. കഴിഞ്ഞ നാല് കൊല്ലത്തെ കണക്ക് ഇപ്രകാരമാണ്:

- 2016-17 - 2006, 73, 10,719 രൂപ.
- 2017-18 - 2191, 11, 17,628 രൂപ
- 2018- 19 - 2476, 64, 96,459 രൂപ
- 2019-20 - 1880, 30, 30,727 രൂപ (2020 ജനുവരി വരെ)

ഡോ എം.കെ മുനീറിന്റെ ചോദ്യത്തിന് മന്ത്രി ടി പി ശ്രീരാമകൃഷ്ണന്‍ മാര്‍ച്ച് 4ന് നിയമസഭയില്‍ നല്‍കിയ മറുപടിയാണ് കണക്കുകള്‍ക്ക് ആധാരം.
സര്‍ക്കാറിനും അവരെ നയിക്കുന്നവര്‍ക്കും മുന്നോട്ടു പോകണമെങ്കില്‍ മദ്യ വരുമാനം കൂടിയേ തീരുവെന്ന് വ്യക്തം. അതുകൊണ്ട് കോവിഡ് കൊണ്ട് കുലം മുടിഞ്ഞാലും കുടിനിര്‍ത്തിവച്ചൊരു കളിക്കും തത്ക്കാലം സര്‍ക്കാറിനെ കിട്ടില്ല.