LiveTV

Live

Kerala

കോവിഡ് 19: അതിര്‍ത്തികളില്‍ വിദേശസഞ്ചാരികൾക്കായി വിവിധ ഭാഷകളിൽ ലഘുലേഖ

കോവിഡ് 19നെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും പരിശോധന തുടരുന്നു.

കോവിഡ് 19: അതിര്‍ത്തികളില്‍ വിദേശസഞ്ചാരികൾക്കായി വിവിധ ഭാഷകളിൽ ലഘുലേഖ

കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ നടക്കുന്ന പരിശോധന ഊർജ്ജിതമാക്കുമെന്ന് ഗതാഗത വകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രൻ. വയനാട്‌ മുത്തങ്ങയിൽ നടക്കുന്ന പരിശോധനകൾ നേരിട്ട്‌ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. വിനോദസഞ്ചാരികൾക്കായി വിവിധ ലോകഭാഷകളിൽ പുറത്തിറക്കിയ ലഘുലേഖകളുടെ സംസ്ഥാനതല പ്രകാശനവും മന്ത്രി നിർവഹിച്ചു.

കർണാടക അതിർത്തിയായ മുത്തങ്ങ, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങളിലടക്കം വയനാട്ടിൽ 12 ഇടങ്ങളിലായി നടക്കുന്ന പരിശോധന വിലയിരുത്താനാണ് ഗതാഗത മന്ത്രി നേരിട്ടെത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നോൺ കോൺടാക്റ്റ്‌ ഇൻഫ്രാറെഡ്‌ തെർമ്മോമീറ്റർ ഉപയോഗിച്ച്‌ നടക്കുന്ന പരിശോധനയിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം മന്ത്രിയും ചേർന്നു. ശനിയാഴ്ച തുടങ്ങിയ അതിർത്തികളിലെ പരിശോധന കാര്യക്ഷമമായി നടക്കുന്നതായും പൊതുജനങ്ങൾ നന്നായി സഹകരിക്കുന്നതായും മന്ത്രി വിലയിരുത്തി.

ഇതോടൊപ്പം വിദേശ വിനോദസഞ്ചാരികൾ കാര്യമായെത്തുന്ന വയനാട്ടിലെ ഹോംസ്റ്റേകളിലും റിസോർട്ടുകളിലും വിതരണം ചെയ്യാനായി തയ്യാറാക്കിയ വിവിധ ഭാഷകളിൽ ഉള്ള ലഘുലേഖയും മന്ത്രി പ്രകാശനം ചെയ്തു. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സ്പാനിഷ് ഭാഷകളിലുള്ള ലഘുലേഖകളാണ് സംസ്ഥാനതലത്തിൽ വിതരണത്തിനായി തയ്യാറാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അടിയന്തരമായി കുടുംബശ്രീ നിർമ്മിച്ച മാസ്കുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അതിർത്തിയിലെ പരിശോധനയും, വിനോദസഞ്ചാരികൾക്ക് മേലുള്ള നിരീക്ഷണവും വരും ദിവസങ്ങളിലും തുടരും.

കാസര്‍കോട് ജില്ലയിലും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കി. ആരോഗ്യ വകുപ്പും പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. പ്രധാന അതിര്‍ത്തി കേന്ദ്രങ്ങളായ തലപ്പാടി, പെര്‍ള, പാണത്തൂര്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. കൂടാതെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പരിശോധനയ്ക്കായി അഞ്ച് സംഘങ്ങളും നിയോഗിച്ചിട്ടുണ്ട്.

വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കുടുംബങ്ങളിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും നീരീക്ഷണത്തിലുള്ളവർ പങ്കെടുക്കരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കോവിഡ് 19നെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലെ പരിശോധന തുടരുന്നു. മറ്റിടങ്ങളിൽ നിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തുന്നവരെ പരിശോധനയ്ക്ക് ശേഷമാണ് പുറത്ത് വിടുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റെയില്‍വെ പ്ലാറ്റ് ഫോമുകളില്‍ നിന്ന് പുറത്തേക്കുള്ള കവാടങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാത്ത് നില്ക്കുന്നത്. ട്രെയിനില്‍ എത്തുന്ന യാത്രക്കാരെ മുഴുവന്‍ പരിശോധിക്കുന്നു. ശരീരോഷ്മാവാണ് പരിശോധിക്കുന്നത്. ഒരാളെയും പരിശോധനയ്ക്ക് ശേഷമല്ലാതെ പുറത്തേക്ക് വിടില്ല

മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള എംബിബിഎസ്, നഴ്സിംഗ് വിദ്യാര്‍ത്ഥികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസും നിയന്ത്രണത്തിനായുണ്ട്.