LiveTV

Live

Kerala

ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല, ഗൗരവസ്ഥിതി തുടരുന്നു: മുഖ്യമന്ത്രി

5372 പേര്‍ ഇന്ന് പുതിയതായി നീരീക്ഷത്തിൽ ഉണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല, ഗൗരവസ്ഥിതി തുടരുന്നു: മുഖ്യമന്ത്രി

ഇന്ന് സംസ്ഥാനത്ത് പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ ഗൗരവ സ്ഥിതി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 18011 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. 17743 വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് 1807 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. 5372 പേര്‍ ഇന്ന് പുതിയതായി നീരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയാൻ സർക്കാരിനെ സഹായിക്കാൻ വിദഗ്ദ സമിതി നിലവിലുണ്ട്. രോഗ പ്രതിരോധ സന്ദേശം വീടുകളിലെത്തിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കും. ആരോഗ്യ സര്‍വകലാശാല അതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വായ്പ തിരിച്ചടവിന്‍റെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി. ബാങ്കുകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാങ്കുകളുടെ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കിന് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗ പ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. ഒട്ടേറ ദുരനുഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വന്ന വിദേശികള്‍ രണ്ട് ദിവസം കഷ്ടപ്പെട്ടു. നാണംകെട്ട പണിയാണ് കാണിക്കുന്നത്. ഏറ്റവും ശക്തിപ്പെടുത്തേണ്ടത് ടൂറിസം മേഖലയാണ്. മനുഷ്യത്വം ഹനിക്കപ്പെടുന്ന ഒരനുഭവവും അനുവദിക്കാന്‍ പറ്റില്ല. ടൂറിസ്റ്റുകൾക്ക് ദുരനുഭവമുണ്ടായാൽ നാടിന്‍റെ പ്രതിഛായയെ ബാധിക്കുമെന്നും ഇത്തരം തെറ്റായ ഇടപെടലുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.