LiveTV

Live

Kerala

കോവിഡ് 19: വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം; നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് ജില്ലാ ഭരണകൂടങ്ങള്‍

കോവിഡ് 19: വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും..

വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ വിമാനത്താവളത്തില്‍ നിന്നും സ്വകാര്യവാഹനങ്ങളില്‍ മാത്രമേ മടങ്ങുവാന്‍ പാടുള്ളൂ. ഇവര്‍ ഒരു കാരണവശാലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പാടില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു.

വിവിധ മേഖലകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടേയും സൂപ്പര്‍വൈസര്‍മാരുടേയും അവലോകന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. കനത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. മൂവായിരത്തി ഇരുനൂറിലധികം ആളുകള്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. എട്ടുപേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുളളത്. നൂറു സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ ഫലം ലഭിച്ച 92ഉം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.

നാല് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് ജില്ലയിലെത്തിയവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. നിലവില്‍ 47 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്

ഒരു വിദേശി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഇപ്പോഴും അവ്യക്തമാണ്. ഒപ്പം സ്പെയിനില്‍ നിന്നുള്‍പ്പെടെ വന്നവരുടെ റിസല്‍ട്ട് പോസിറ്റീവ് ആയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും ജില്ലയിൽ എത്തിയവർ 1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിക്കണമെന്നാണ് നിര്‍ദേശം. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിച്ചിരിക്കണം. ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

661 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 47 പേര്‍ ആശുപത്രിയിലും 614 പേര്‍ വീടുകളിലുമായാണ് കഴിയുന്നത്. ഇന്നലെ മാത്രം 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. അതിനിടെ കോവിഡ് 19 നിരീക്ഷത്തിലിരിക്കെ വാഹനാപകടത്തിൽപ്പെട്ട കൊല്ലം സ്വദേശിയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. അന്തിമ പരിശോധന ഫലം വരുന്നതു വരെ ഇയാൾ നിരീക്ഷണത്തിൽ തുടരും.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ കൂടുതൽ പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ 700-ലേറെയാളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതിനിടെ സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ ഒരാൾക്കെതിരെ പന്തളം പൊലീസ് കേസെടുത്തു.

ഇറ്റലിയിൽ നിന്നെത്തി രോഗലക്ഷണങ്ങളോടെ ആശുപത്രി ഐസോലേഷനിൽ കഴിയുന്ന പന്തളം സ്വദേശിയെ കൂടാതെ ഇറ്റലിയിൽ നിന്ന് വന്ന രണ്ടുപേരും കുവൈറ്റിൽ നിന്നുള്ള മൂന്നുപേരും, സൗദിയിൽ നിന്ന് നാട്ടിലെത്തിയ രണ്ടുപേരും ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരടക്കം 21 പേരാണ് പത്തനംതിട്ടയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധക്ക് സമാന രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച പന്തളം സ്വദേശിയുടെ പരിശോധനഫലം ഉടൻ ലഭിക്കും.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 788പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരെ കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 1254 ആളുകൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.

പത്തനംതിട്ടയിൽ ഒടുവിൽ ലഭ്യമായ 9 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. തോട്ടപ്പുഴശേരിയിൽ താമസ സ്ഥലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന മധുര സ്വദേശി തൊഴിലാളി നാട്ടിലേയ്ക്ക് കടന്നു. സെക്കണ്ടറി കോണ്ടാക്ട് ലിസിറ്റിലുള്ളയാളാണെന്നും, വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഫേസ്ബുക്കിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒരാൾക്ക് എതിരെ പന്തളം പോലീസ് കേസ് എടുത്തു. പന്തളത്ത് ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച വെണ്മണി സ്വദേശിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ടീ കൗണ്ടി റിസോർട് ജീവനക്കാരിൽ ചിലരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു . പനിയുടെ ലക്ഷണം ഉണ്ടായതിനെ തുടർന്നാണ് നടപടി. പ്രാഥമിക പരിശോധനയിൽ ആശങ്കക്ക് ഇടമില്ലെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ 92 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. 7 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ഇതിൽ 4 പേരുടെ സാമ്പിളുകൾ ഇന്നലെയാണ് പരിശോധനക്ക് അയച്ചത്.

കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റുമായി സമ്പർക്കത്തിലേർപ്പെട്ട 126 പേർ എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിൽ. നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കാന്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഹോസ്റ്റലുകളും ഏറ്റെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു

കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെട്ട 126 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി എസ്. സുനിൽ കുമാർ പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്ത് പോകുന്നില്ല എന്ന് പൊലീസ് ഉറപ്പ് വരുത്തും.

ക്വാറന്റൈൻ നിരീക്ഷണ സൗകര്യം ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, താമസക്കാരില്ലാത്ത അപ്പാർട്ടുമെന്റുകൾ, സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള മുറികൾ എന്നിവ ആവശ്യാനുസരണം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് പൊലീസിന് നിർദേശം നൽകി. നിലവിൽ 30 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23 പേർ കളമശ്ശേരിയിലും 7 പേർ മൂവ്വാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. ഇന്ന് 30 സാമ്പിളുകളാണ് പരിശോധനയ്ക്കായി ആലപ്പുഴ എൻ.ഐ.വി.യിലേക്ക് അയച്ചത്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവുമായി സമ്പർക്കത്തിലേർപ്പെട്ട ഒരു ഡോക്ടറും നഴ്സും 10 ദിവസമായി വീടുകളില്‍ നീരീക്ഷണത്തിലുണ്ടെന്നും ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ലെന്നും കലക്ടര്‍ പറഞ്ഞു.

കോട്ടയം ജില്ലയില്‍ ഇതുവരെ 1301 പേര്‍ കോവിഡ് നിരീക്ഷണത്തില്‍. 9 പേരാണ് ആശുപത്രിയിലുള്ളത്. 89 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 64 എണ്ണവും നെഗറ്റീവാണ്. എന്നാല്‍ രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്നലെ മാത്രം 122 പേരെയാണ് ഹോം ക്വാറന്റൈനിലേക്ക് മാറ്റിയത്. നിലവില്‍ 10 പേരാണ് ആശുപത്രികളില്‍ ഉള്ളത്. മൊത്തം 1301 പേര്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രമാണ്. എന്നാല്‍ ഇവര്‍ ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രൈസിംഗ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ 128 പേരാണ് പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളത്. 458 പേര്‍ സെക്കണ്ടറി ലിസ്റ്റിലും ഉണ്ട്. 89 പരിശോധന ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ 64 ഉം നെഗറ്റീവാണ്. 20 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. മൂന്ന് എണ്ണം പരിശോധിക്കാതെ തള്ളി.

ജാഗ്രത തുടരുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ജില്ലാ കലക്ടര്‍ ഹോട്ടലുടമകളുടെ പ്രത്യേക യോഗവും വിളിച്ച് ചേര്‍ത്തു. കോട്ടയം റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റഡിലും അടക്കം പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരെ ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി നേരിട്ടെത്തി വിലയിരുത്തുന്നുണ്ട്.