LiveTV

Live

Kerala

കോവിഡ് 19 ഭീതിക്കിടെ കേരളത്തിലെ ഐഎഎസുകാര്‍ വിദേശയാത്രയ്ക്ക്

കേന്ദ്ര സര്‍ക്കാര്‍ വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടും ഉദ്യോഗസ്ഥരുടെ യാത്രാ അനുമതി റദ്ദാക്കിയില്ല.

കോവിഡ് 19 ഭീതിക്കിടെ കേരളത്തിലെ ഐഎഎസുകാര്‍ വിദേശയാത്രയ്ക്ക്

കോവിഡ് 19 വ്യാപിക്കുന്നതിനിടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിദേശയാത്രക്ക്. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടന്‍, റഷ്യ, ദുബൈ എന്നിവടിങ്ങളിലേക്ക് യാത്ര പോകാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുട നടപടി. മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ യാത്ര റദ്ദാക്കിയതായി മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി മൃമായി ശശാങ്ക് ഏപ്രില്‍ 9-14 വരെ റഷ്യയിലേക്ക് പോകാനാണ് അനുമതി തേടിയത്. സര്‍ക്കാര‍് അനുമതി നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 4 മുതല്‍ 18 വരെ ലണ്ടനിലേക്ക് പോകാനാണ് കെ.എസ്.ഐ.ഡി സി.എം.ഡി രാജമാണിക്യം സര്‍ക്കാര്‍ അനുമതി വാങ്ങിയത്. തൊഴില്‍ വകുപ്പ് അഡി.ചീഫ് സെക്രട്ടറി സത്യജീത് രാജന്‍ തായലന്‍റിലേക്ക് പോയതായാണ് സൂചന. തുറമുഖ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഈ മാസം 19 മുതല്‍ ദുബൈയിലേക്ക് പോകാന്‍ അവധിക്കായി അനുമതി തേടിയിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മറ്റു ഏതാനും ഉദ്യോഗസ്ഥരും വിദേശ യാത്രക്ക് അനുമതി തേടിയിട്ടുണ്ട്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലെ യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടന്‍, റഷ്യ, ദുബൈ രാജ്യങ്ങളില്‍ വലിയ തോതില്‍ കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ തന്നെ നല്‍കിയ അനുമതികളാണെന്ന വിശദീകരണമാണ് പൊതുഭരണവകുപ്പ് നല്‍കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വിദേശയാത്ര അനുമതി റദ്ദാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.