LiveTV

Live

Kerala

മിക്ക വകുപ്പ് അധ്യക്ഷന്‍മാരും നിരീക്ഷണത്തില്‍; ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു

സ്പെയിനില്‍ പോയി വന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീചിത്രയില്‍ എത്തി; പൂജപ്പുര ക്യാംപസ് അടച്ചിടണമെന്ന് ആവശ്യം

മിക്ക വകുപ്പ് അധ്യക്ഷന്‍മാരും നിരീക്ഷണത്തില്‍; ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു

ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ സുപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും നിരീക്ഷണത്തിലാണ്. നേരത്തെ സ്പെയിനില്‍ പോയി തിരികെ വന്ന ഡെപ്യൂട്ടി ഡയറക്ടറോടും വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ മാത്രമേ നടക്കൂ. ശ്രീചിത്രയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഡോ. ബി ഇക്‍ബാല്‍ ഫെയ്സ്‍ബുക്കില്‍ കുറിച്ചു.

സ്‍പെയിനില്‍ നിന്നെത്തിയ ഡോക്ടറെ യാത്രാവിവരങ്ങള്‍ തിരക്കാനായി വിളിച്ചുവരുത്തിയത് വകുപ്പ് മേധാവികളുടെ യോഗത്തിലേക്കാണ്. ഇതാണ് മെഡിക്കല്‍ സൂപ്രണ്ടും വകുപ്പ് മേധാവികളും അടക്കം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യത്തിലേക്ക് ശ്രീചിത്രയെ എത്തിച്ചത്. അന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്ത ന്യൂറോളജി വിഭാഗം മേധാവിക്ക് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ ചുമത നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

ഇന്ന് മുതല്‍ ചികിത്സക്ക് എത്താനായി നിര്‍ദേശിച്ച രോഗികളോട് അപ്പോയ്‍മെന്‍റ് മാറ്റിയതായി സന്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുള്ള രോഗികളെ പരിശോധിക്കുന്നുണ്ട്. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകളും നടക്കുന്നു. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

നിരീക്ഷണത്തിലുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ പരിപാടികളില്‍ പങ്കെടുത്ത ശ്രീചിത്രയുടെ പൂജപ്പുര കാമ്പസ് അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ഗവേഷണ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 300 ഓളം പേര്‍ ഉണ്ട്. ഇതിനിടെ വിദേശ സന്ദര്‍ശം കഴിഞ്ഞെത്തിയ ശ്രീചിത്രയിലെ ഡോക്ടര്‍ ആശുപത്രിയില്‍ തുടര്‍ന്നതിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

രോഗിക്ക് ഹാനികരമായ ഒന്നും ഡോക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന അടിസ്ഥാനം ചിത്രയിലെ ഡോക്ടര്‍ തെറ്റിച്ചെന്ന് ഡോ ബി ഇക്‍ബാല്‍ ഫെയ്സ്‍ബുക്കില്‍ കുറിച്ചു. വൈദ്യലോകത്തിന് അപമാനം വരുത്തിയ ആ പ്രവര്‍ത്തിക്ക് ഡോക്ടര്‍ എന്ന നിലയില്‍ താന്‍ മാപ്പുചോദിക്കുന്നതായും ഇക്‍ബാല്‍ കൂട്ടിചേര്‍ത്തു..