LiveTV

Live

Kerala

മലപ്പുറത്തും കാസര്‍കോടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കി

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നേരിട്ട് ആശുപത്രികളില്‍ പോകരുതെന്ന് മലപ്പുറം കലക്ടര്‍ നിര്‍ദേശിച്ചു

മലപ്പുറത്തും കാസര്‍കോടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറത്തും കാസര്‍കോടുമായി കോവിഡ് 19ബാധിച്ച മൂന്നു പേര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തിറക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നേരിട്ട് ആശുപത്രികളില്‍ പോകരുതെന്ന് മലപ്പുറം കലക്ടര്‍ നിര്‍ദേശിച്ചു. കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച രോഗി ജനറല്‍ ആശുപത്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പൊന്നാനിയില്‍ ഉംറ കഴിഞ്ഞെത്തിയവരുമായി ചേര്‍ന്ന് കൂട്ടപ്രാര്‍ഥന നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരുടേയും പ്രാഥമിക റൂട്ട് മാപ്പ് ഇന്നലത്തന്നെ ജില്ലാഭരണകൂടം തയ്യാറാക്കിയിരുന്നു. മാർച്ച് 9ന് AI 960 വിമാനത്തിൽ കരിപ്പൂരിലും, മാർച്ച് 12ന് AI 964 വിമാനത്തിൽ നെടുമ്പാശ്ശേരിയിലും എത്തിയവരും ഇവരുമായി സമ്പർക്കം പുലർത്തിയവരും സ്വമേധയാ ആശുപത്രികളിൽ പോകരുതെന്ന് കലക്ടർ അഭ്യർഥിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസ്, വിമാനത്താവളം എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ സന്ദർശനം നടത്തി സ്ഥിതിവിലയിരുത്തും. ‌

കാസർകോട് കോവിഡ് സ്ഥിരീകരിച്ച രോഗി ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മംഗളൂരുവിൽ നിന്നും വന്ന കാറിൽ രോഗിയോടൊപ്പം മൂന്ന് പേരുണ്ടായിരുന്നു. മറ്റ് മൂന്നുപേരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

അതിനിടെ നിയന്ത്രണം മറികടന്ന് പൊന്നാനിയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞെത്തിയവരുമായി പ്രാർത്ഥനാ സംഗമം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. പുതുപൊന്നാനി തർബിയത്തുൽ ഇസ്‌ലാം ട്രസ്റ്റിന്റെ മൂന്ന് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.