LiveTV

Live

Kerala

ലക്ഷദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്; ഈ മാസം 20 മുതല്‍ 31 വരെ ദ്വീപിലേക്ക് പോകാനാവില്ല

കേരളത്തിലുള്‍പ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും വിനോദസഞ്ചാരം നിയന്ത്രിക്കാത്തത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ലക്ഷദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്;  ഈ മാസം 20 മുതല്‍ 31 വരെ ദ്വീപിലേക്ക് പോകാനാവില്ല

കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരികളെ വിലക്കി. മാര്‍ച്ച് 20 മുതല്‍ 31 വരെയാണ് വിലക്ക്. കേരളത്തിലടക്കം കോവിഡ് 19 സ്ഥിരീകരിച്ചിട്ടും വിനോദസഞ്ചാരികളെ നിയന്ത്രിക്കാത്തത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നുവരെ ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികള്‍ക്ക് യാതൊരു വിലക്കും ലക്ഷദ്വീപ് ഏര്‍പ്പെടുത്തിയിരുന്നില്ല. യാതൊരുവിധ നിയന്ത്രണവുമില്ലാതെ യാത്രക്കാരെയും വിനോദസഞ്ചാരികളെയും കപ്പലില്‍ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നുവെന്ന് യാത്രക്കാര്‍ മീഡിയവണ്ണിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ തീരുമാനം വന്നിരിക്കുന്നത്.

ലക്ഷദ്വീപ് എംപിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ടൂറിസ്റ്റുകള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡൊമസ്റ്റിക് ടൂറിസ്റ്റുകളുടെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയളവില്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കര്‍ശനമായ നിയന്ത്രണം ഇപ്പോള്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. വിലക്ക് മാര്‍ച്ച് 31 ന് ആവശ്യമെങ്കില്‍ നീട്ടാനും സാധ്യതയുണ്ട് എന്നാണ് അറിയുന്നത്.

രോഗബാധിതനായ ഒരു വ്യക്തി എത്തിയാല്‍ ചികിത്സ പെട്ടെന്ന് ലഭ്യമാക്കാനുള്ള സൌകര്യങ്ങളുടെ അപര്യാപ്തത ഉള്ള ഇടമാണിത്. അതുകൊണ്ടുതന്നെ യാത്രാവിലക്ക് ഏര്‍പ്പെടുത്താത്തതില്‍ ദ്വീപ് നിവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടൂറിസ്റ്റുകളെ വിലക്കിയിട്ടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അറിയിപ്പ് പുറത്തുവന്നിട്ടുള്ളത്.

നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ദ്വീപ് ടൂറിസം മാനേജര്‍ അറിയിച്ചു.