LiveTV

Live

Kerala

കോവിഡ് ബാധിച്ച വിദേശ സഞ്ചാരി നെടുമ്പാശ്ശേരിയിൽ എത്തിയതോടെ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി

കൊച്ചിയിൽ രണ്ട് ദിവസം താമസിച്ച ഇയാൾ ആരെല്ലാമായി സമ്പർക്കം പുലർത്തി എന്ന കാര്യത്തിൽ ഇന്ന് കൂടുതൽ വ്യക്തത ലഭ്യമാവും

കോവിഡ് ബാധിച്ച വിദേശ സഞ്ചാരി നെടുമ്പാശ്ശേരിയിൽ എത്തിയതോടെ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി

കോവിഡ് ബാധിതനായ വിദേശ സഞ്ചാരി ഇന്നലെ നെടുമ്പാശ്ശേരിയിൽ എത്തിയതോടെ എറണാകുളം ജില്ലയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കി. കൊച്ചിയിൽ രണ്ട് ദിവസം താമസിച്ച ഇയാൾ ആരെല്ലാമായി സമ്പർക്കം പുലർത്തി എന്ന കാര്യത്തിൽ ഇന്ന് കൂടുതൽ വ്യക്തത ലഭ്യമാവും. യു.കെ പൗരനോടൊപ്പം ഉണ്ടായിരുന്നവരെ ഇന്നലെ നിരീക്ഷണത്തിലാക്കിയിരുന്നു.

കഴിഞ്ഞ ആറാം തീയതിയാണ് കോവിഡ് ബാധിതനായ ലണ്ടൻ സ്വദേശിയും സംഘവും കൊച്ചിയിലെത്തിയത് . ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലാണുള്ളത്. ഇയാൾ കൊച്ചിയിൽ എവിടെയെല്ലാം സഞ്ചരിച്ചു എന്ന വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. എന്നാൽ ആരെല്ലാമായി സമ്പർക്കം പുലർത്തി എന്ന കാര്യത്തിൽ ഇന്നേ കൂടുതൽ വ്യക്തത ലഭ്യമാവൂ. ഇയാൾ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ഇന്നലെ 87 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. ഇവരിൽ 77 പേർ വീടുകളിലും 10 പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്. ജില്ലയിൽ ആകെ 32 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 680 പേരും നിരീക്ഷണത്തിലുണ്ട്.