LiveTV

Live

Kerala

കൊറോണ ഭീതി: വിദേശ ദമ്പതികളെ കെ.എസ്.ആർ.ടി.സി ബസിൽ തടഞ്ഞുവെച്ചു

 കൊറോണ ഭീതി: വിദേശ ദമ്പതികളെ കെ.എസ്.ആർ.ടി.സി ബസിൽ തടഞ്ഞുവെച്ചു

കണ്ണൂരിൽ കൊറോണ ഭീതിയെത്തുടർന്ന് വിദേശ ദമ്പതികളെ കെ.എസ്.ആർ.ടി.സി ബസിൽ തടഞ്ഞുവെച്ചു. മാനന്തവാടിയിൽ നിന്നെത്തിയ ഫ്രഞ്ച് ദമ്പതികളെയാണ് ഒന്നേകാൽ മണിക്കൂർ ബസിൽ തടഞ്ഞുവെച്ചത്. പിന്നീട് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് ഇവരെ നിരീക്ഷണത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം 2 നാണ് ദുബൈയിൽ നിന്ന് ഫ്രഞ്ച് ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ഇവർ കേരളത്തിലെയും കർണ്ണാടകയിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. രാവിലെ മൈസൂരുവിൽ നിന്ന് മാനന്തവാടിയിലെത്തിയ ദമ്പതികൾ ഒരു കെ.എസ്.ആർ.ടി.സി ബസിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചു. ബസ് കൂത്തുപറമ്പിൽ എത്തിയപ്പോൾ ഒരു പറ്റം യാത്രക്കാർ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ബസ് ജീവനക്കാർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വിദേശികളുമായി കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്താനായിരുന്നു ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച നിർദേശം. ഇതിനിടെ ഭീതിയെ തുടർന്ന് ഭൂരിഭാഗം യാത്രക്കാരും ബസിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ ദമ്പതികളുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതർ എത്തിയില്ല. ഇതോടെ ഒരു മണിക്കൂറിലധികം ദമ്പതികൾക്ക് ബസിനുള്ളിൽ കഴിച്ചുകൂട്ടണ്ടി വന്നു. അതിനിടെ വിദേശികളെ കൂട്ടിക്കൊണ്ടുപോകാനായി പയ്യാമ്പലത്തെ റിസോർട്ട് ഉടമകൾ എത്തിയെങ്കിലും പരിശോധനയ്ക്ക് ശേഷം പോകാമെന്ന നിലപാടിലായിരുന്നു ദമ്പതികൾ.  പിന്നീട് ആംബുലൻസ് എത്തി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.