LiveTV

Live

Kerala

വിലക്ക് ലംഘിച്ച് നെടുമ്പാശേരിയില്‍ സ്വീകരണം; രജിത് കുമാര്‍ ഫാന്‍സിനെതിരെ കേസെടുത്തു

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കിയ രജിത് കുമാറിനാണ് ഫാൻസ് എന്ന പേരിൽ എത്തിയ ആൾക്കൂട്ടം വിലക്കുകൾ ലംഘിച്ച് സ്വീകരണം നൽകിയത്.

 വിലക്ക് ലംഘിച്ച് നെടുമ്പാശേരിയില്‍ സ്വീകരണം; രജിത് കുമാര്‍ ഫാന്‍സിനെതിരെ കേസെടുത്തു

കോവിഡ് 19 പശ്ചാത്തലത്തിൽ സിയാൽ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച്, റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കിയ മത്സരാർഥിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കിയ രജിത് കുമാറിനാണ് ഫാൻസ് എന്ന പേരിൽ എത്തിയ ആൾക്കൂട്ടം വിലക്കുകൾ ലംഘിച്ച് സ്വീകരണം നൽകിയത്. പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 75 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് ഇരു ടെർമിനൽ കെട്ടിടത്തിലും സിയാൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാർ ആരാധകരെന്ന പേരിൽ ഒരു കൂട്ടം ആളുകൾ വിമാനത്താവളത്തിലെത്തിയത്. കൂട്ടമായെത്തിയ ഇവർ ടെർമിനൽ കെട്ടിടത്തിൽ കൂടി നിന്ന് മുദ്രാവാക്യങ്ങൾ മുഴക്കി. പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആൾക്കൂട്ടം പിരിഞ്ഞ് പോകാൻ തയ്യാറായില്ല. അറസ്റ്റ് ചെയ്യട്ടേ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പലരും സോഷ്യൽ മീഡിയയിൽ ലൈവിടുകയും ചെയ്തു.

വിമാനത്താവളത്തിൽ ഒരുമിച്ച് കൂടിയവരോട് തിരികെ പോകാൻ ആവശ്യപ്പെടണമെന്ന് പൊലീസ് രജിത് കുമാറിന് നിർദേശം നൽകിയിരുന്നു. എന്നാൽ സ്വീകരണമൊരുക്കിയ ശേഷം മാത്രമാണ് ആൾക്കൂട്ടം പിരിഞ്ഞ് പോയത്. വിലക്കുകൾ ലംഘിച്ച് ആൾക്കൂട്ടം കാണിച്ച് കൂട്ടിയ എല്ലാ ആഘോഷകൾക്കും ഒപ്പം നിന്ന ശേഷം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിത് കുമാർ ഫേസ് ബുക്ക് ലൈവിലെത്തി.