LiveTV

Live

Kerala

പക്ഷിപ്പനി; മലപ്പുറത്ത് പക്ഷികളെ കൊന്നൊടുക്കല്‍ തുടരുന്നു

മൂന്നാം ദിവസമായ ഇന്ന് പരപ്പനങ്ങാടിക്ക് പുറമെ തിരൂരങ്ങാടിയിലും പക്ഷികളെ കൊല്ലുന്നത് പൂര്‍ത്തിയാക്കും.

പക്ഷിപ്പനി; മലപ്പുറത്ത് പക്ഷികളെ കൊന്നൊടുക്കല്‍ തുടരുന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിൽ പക്ഷികളെ കൊന്നൊടുക്കുന്നത് തുടരുന്നു. ആയിരത്തി അഞ്ഞൂറോളം പക്ഷികളെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നശിപ്പിച്ചത്. ഇന്നത്തോടെ നടപടികൾ പൂർത്തിയാക്കും.

പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലുമാണ് ഇന്നലെ പക്ഷികളെ കൊന്നൊടുക്കിയത്. മൂന്നിയൂരില്‍ 81 വീടുകളിലായി പക്ഷികളെ കൊല്ലുന്നത് പൂര്‍ത്തിയായി. ഉച്ചയോടെ കൊന്ന കോഴികളെയും പക്ഷികളെയും ചിറമംഗലത്തുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തിലെത്തിച്ച് തീയിട്ട് നശിപ്പിച്ചു.

കോഴികളും വളര്‍ത്ത് പക്ഷികളും ഉള്‍പ്പെടെ 899 എണ്ണത്തെ കൊന്നൊടുക്കിയ സംഘം 167 മുട്ടകളും 14 കിലോ തീറ്റകളും അനുബന്ധ സാമഗ്രികളും നശിപ്പിച്ചു. മൂന്നാം ദിവസമായ ഇന്ന് പരപ്പനങ്ങാടിക്ക് പുറമെ തിരൂരങ്ങാടിയിലും പക്ഷികളെ കൊല്ലുന്നത് പൂര്‍ത്തിയാക്കും.

ഒന്നാം ഘട്ടത്തിന് ശേഷം നാളെ പരിശോധന നടത്തി വിട്ടുപോയ പക്ഷികളെ കണ്ടെത്തി കൊന്നൊടുക്കുന്നതിനൊപ്പം, പ്രദേശം അണുവിമുക്തമാക്കുന്ന നടപടികളും തുടങ്ങും. മാര്‍ച്ച് 18ന് പക്ഷികളെ വിട്ടുതരാന്‍ തയ്യാറാകാത്ത ഇടങ്ങളില്‍ എത്തി ഇവയെ പിടിച്ചെടുത്ത് കൊന്നൊടുക്കുന്ന നടപടികളും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.