LiveTV

Live

Kerala

കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാരപഥം ഇങ്ങനെ..

മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും.

കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാരപഥം ഇങ്ങനെ..

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നാറില്‍ താമസിച്ചത് 5 ദിവസമാണ്. ഈ മാസം ആറാം തീയതി കേരളത്തില്‍ എത്തിയ ഇയാള്‍ പത്താം തിയ്യതിയാണ് കെടിഡിസിയുടെ ടീ കൌണ്ടി ഹോട്ടലില്‍ താമസം തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാള്‍, കോവിഡ് സ്ഥിരീകരിച്ച ഇന്നലെ രാത്രിയാണ് കടന്നുകളഞ്ഞത്. സംഭവത്തിൽ കെടിഡിസി റിസോർട് നടത്തിപ്പുകാർക്കെതിരെ നിയമ നടപടിയുണ്ടാകും. മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എം.എം മണിയും പറഞ്ഞു.

അവധി ചെലവഴിക്കാൻ ഈ മാസം പത്താം തീയതിയാണ് ബ്രിട്ടീഷ് പൗരൻ മൂന്നാറിൽ എത്തിയത് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. പത്താം തീയതി തന്നെ കെടിഡിസി റിസോർട് ആയ ടീ കൗണ്ടിയിൽ താമസം ആരംഭിച്ചു. അന്ന് തന്നെ മാട്ടുപ്പെട്ടി സന്ദശിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പനിയുടെ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് മൂന്നാറിലെ ടാറ്റായുടെ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി. തുടർന്ന് 11ആം തീയതി കോട്ടയം മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പ് ഇയാളെ എത്തിച്ചു. പരിശോധനക്കായി സാമ്പിളുകളും ശേഖരിച്ചു. തുടർന്ന് ബ്രിട്ടീഷ് പൗരനെ 12നു വീണ്ടും മൂന്നാറിൽ എത്തിച്ചു. ഇന്നലെ വരെ ഇയാളെ ടീ കൗണ്ടി റിസോർട്ടിൽ തന്നെ നിരീക്ഷണത്തിനായി ആരോഗ്യ വകുപ്പ് പാർപ്പിച്ചു. എന്നാൽ ഇന്നലെ രാത്രി പത്തരക്കാണ് ഇയാൾ മൂന്നാറിൽ നിന്നു കടന്നുകളഞ്ഞത്. റിസോർട്ടിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായതായും നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

സ്ഥിതി അതീവ ഗുരുതരാമെന്നും എല്ലാ മുൻകരുതലുകളും അടിയന്തരമായി സ്വീകരിക്കണം എന്നും ഇന്ന് മൂന്നാറിൽ വിളിച്ചു ചേർത്ത റിസോർട് ഉടമകളുടെ യോഗത്തിൽ മന്ത്രി എം.എം മണി പറഞ്ഞു. ബ്രിട്ടീഷ് പൗരനും സംഘവും ടീ കൗണ്ടി റിസോർട്ടിന് പുറത്തു പോയിട്ടുണ്ടോയെന്നുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടം അന്വേഷിച്ചു വരികയാണ്. ജില്ലാ അതിർത്തികളിൽ അടക്കം ജാഗ്രതയും പരിശോധനയും തുടർന്ന് വരികയാണ്.