LiveTV

Live

Kerala

ബന്ധു നിയമനം; താൻ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി പി.കെ ഫിറോസ് 

തനിക്കെതിരെ വ്യാജ രേഖാ ആരോപണം ഉന്നയിച്ച ജെയിംസ മാത്യു എം.എൽ.എ മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു

ബന്ധു നിയമനം; താൻ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി പി.കെ ഫിറോസ് 

ഇൻഫർമേഷൻ കേരള മിഷനിലെ ബന്ധു നിയമനത്തിൽ താൻ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പഞ്ചായത്ത് ഡയറക്ടർ നടത്തിയ അന്വേഷണത്തില്‍ സിപിഎം നേതാവ് കോലിയകോട് കൃഷ്ണൻ നായരുടെ ബന്ധു ടി.എസ് നീലകണ്ഠനെ നിയമിച്ച ഡപ്യൂട്ടി ഡയറക്ടർ ടെക്നിക്കൽ തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച് സർക്കാർ ഉത്തരവുകളില്ലെന്ന് കണ്ടെത്തി. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഫിറോസ് പുറത്ത് വിട്ടു.

ഡയറക്ടർ ടെക്നിക്കൽ എന്ന തസ്തിക നിർത്തലാക്കുകയോ തസ്തികയുടെ പേര് മാറ്റി ഡെപ്യൂട്ടി ഡയറക്ടർ എന്നാക്കിയതായോ ഉള്ള സർക്കാർ ഉത്തരവുകളില്ലെന്നാണ് പഞ്ചായത്ത് ഡയറക്ടറുടെ പ്രധാന കണ്ടെത്തൽ. സർക്കാർ ഉത്തരവില്ലാതെ തസ്തിക സൃഷ്ടിക്കാനോ വേതനം പുനർ നിർണയിക്കാനോ സാധ്യമല്ല. കരാർ ജീവനക്കാരെ നിയമിക്കുന്നതിനുള്ള സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതും സംശയമാണെന്നും റിപ്പോർട്ട് എടുത്ത് പറയുന്നു. എന്നാൽ ഈ റിപ്പോർട്ട് മറികടന്ന് ടി.എസ് നീലകണ്ഠനെ സ്ഥിരപ്പെടുത്താൻ മന്ത്രിതലത്തിൽ നീക്കം തുടങ്ങിയതായും പി.കെ ഫിറോസ് കുറ്റപ്പെടുത്തി. തനിക്കെതിരെ വ്യാജ രേഖാ ആരോപണം ഉന്നയിച്ച ജെയിംസ മാത്യു എം.എൽ.എ മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു