LiveTV

Live

Kerala

കോവിഡ്; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ അനുവദിച്ചില്ല

കോവിഡ് 19 ഭീതി- ബംഗളൂരുവില്‍മരിച്ച പൂനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

കോവിഡ്; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ അനുവദിച്ചില്ല

ബംഗളൂരുവില്‍ മരിച്ച കോഴിക്കോട് പൂനൂര്‍ സ്വദേശിയുടെ മൃതദേഹം സമീപവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വീട്ടുവളപ്പിൽ സംസ്കരിക്കാനായില്ലെന്ന് ആക്ഷേപം. കുടുംബസമേതം വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിക്കുകയാരുന്ന ബാബുവിന്‍റെ മൃതദേഹം വീട്ടു വളപ്പില്‍ സംസ്കരിക്കാന്‍ സമീപവാസികള്‍ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.കോവിഡ് 19 ഭീതിയില്‍ നാട്ടുകാര്‍ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞതായാണ് ആക്ഷേപം.ആരോഗ്യ പ്രവര്‍ത്തകര്‍ നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു.

വാഹനാപകടത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ബാബു കഴിഞ്ഞ ദിവസമാണ് മരിച്ചത്.ബാബുവിന്റെ അന്ത്യാഭിലാഷ പ്രകാരം പെരിങ്ങളം വയലിലെ തറവാട്ട് വളപ്പിൽ മൃതദേഹം സംസ്കരിക്കാൻ മക്കളും മറ്റും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ കോവിഡ് 19 ഭീതിയില്‍ ഈ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ നാട്ടുകാരില്‍ ചിലർ അനുവദിച്ചില്ല. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ബംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ് കുടുംബം മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചത്.

നാട്ടുകാരെ അനുനയിപ്പിക്കാന്‍ കഴിയായതോടെ പെരിങ്ങളം വയലിലെ റോഡരികിൽ ആംബുലൻസിൽ വെച്ച് തന്നെ കുടുംബാംഗങ്ങളെ കാണിച്ച ശേഷം മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധയല്ല മരണകാരണമെന്ന് വ്യക്തമാക്കിയിട്ടും നാട്ടുകാരില്‍ ചിലര്‍ മൃതദേഹത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായി കുടുംബം ആരോപിച്ചു. റാണിയാണ് ബാബുവിന്റെ ഭാര്യ.