LiveTV

Live

Kerala

പ്രതിരോധത്തിലെ നിസാര പിഴവുകൾ ഉയർത്തിക്കാട്ടി സർക്കാരിനെ ആക്രമിക്കാതെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് കെ.കെ ശൈലജ

സർക്കാരിന്റെ നിസംഗതയാണ് രോഗം വ്യാപിക്കാൻ കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

 പ്രതിരോധത്തിലെ നിസാര പിഴവുകൾ ഉയർത്തിക്കാട്ടി സർക്കാരിനെ ആക്രമിക്കാതെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് കെ.കെ ശൈലജ

കോവിഡ് 19 പ്രതിരോധത്തിലെ നിസാര പിഴവുകൾ ഉയർത്തിക്കാട്ടി സർക്കാരിനെ ആക്രമിക്കാതെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ. സർക്കാരിന്റെ നിസംഗതയാണ് രോഗം വ്യാപിക്കാൻ കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഫെബ്രുവരി 26 ന് കേന്ദ്ര നിർദേശം വന്നിട്ടും ഇറ്റലിയിൽ നിന്ന് വന്നവരെ വിമാനത്താവളത്തിൽ നിരീക്ഷിക്കാത്തത് പിഴവായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

അടിയന്തരപ്രമേയം അവതരണത്തിൽ പ്രധാനമായും രണ്ട് പിഴവുകളാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. ഫെബ്രുവരി 26ന് കേന്ദ്ര നിർദേശം ഉണ്ടായിട്ടും ഇറ്റലിയിൽ നിന്നും വന്ന യാത്രക്കാരെ വിമാനത്താവളത്തിൽ നിരീക്ഷിച്ചില്ല. തിരുവനന്തപുരത്ത് യാത്രക്കാരനെ പരിശോധനക്ക് ശേഷം വീട്ടിലേക്ക് ഒറ്റയ്ക്ക് വിട്ടു. സർക്കാരിന്റെ ഈ പിഴവാണ് നിർണായകമായത്.

മാർച്ച് നാല് മുതൽ ആണ് ഇറ്റലിയിൽ ഉള്ളവരെ കർശനമായി ന്ന് നിരീക്ഷിക്കണമെന്ന നിർദ്ദേശം ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. എത്ര ജാഗ്രത കാണിച്ചാലും പിഴവുകൾ ഉണ്ടാവും. എല്ലാവരും ഒരുമിച്ചിരുന്ന് ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ഐ.എം.എ പറഞ്ഞതാണ് താൻ ചൂണ്ടിക്കാണിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ നടപടികളിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തെ മന്ത്രി തന്നെ വിമർശിക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. യാത്ര നിയന്ത്രണം വന്നതിനെ തുടർന്ന് ഇഖാമ കാലാവധി കഴിയുന്ന പ്രശ്നത്തിൽ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.