LiveTV

Live

Kerala

കോഴിക്കോട് വൃത്തിഹീനമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടു വന്ന കോഴിയിറച്ചി ചിക്കന്‍ വ്യാപാരികള്‍ തടഞ്ഞു

പക്ഷിപ്പനി ബാധിത മേഖലയില്‍ നിന്നാണ് ചിക്കന്‍ കൊണ്ടുവന്നതെന്ന് ആരോപണം

 കോഴിക്കോട് വൃത്തിഹീനമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടു വന്ന കോഴിയിറച്ചി ചിക്കന്‍ വ്യാപാരികള്‍ തടഞ്ഞു

മലപ്പുറം പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ സമീപ പ്രദേശങ്ങളിലെ കോഴിക്കടകളില്‍ നിന്നുള്ള കോഴിയിറച്ചി കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലേക്ക് ഒഴുകുന്നു .പക്ഷിപ്പനിയെത്തുടര്‍ന്ന് കോഴിക്കോട് നഗരത്തിലേക്ക് കോഴിയെ കൊണ്ടു വരുന്നതിന് നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. മലപ്പുറം കാടപ്പടിയില്‍ നിന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടു വന്ന കോഴിയിറച്ചി കോഴിക്കോട് ചിക്കന്‍ വ്യാപാരികള്‍ തടഞ്ഞു.

കോഴിക്കോട് പക്ഷിപ്പനി ബാധിച്ച മേഖലയുടെ പത്തു കിലോമീറ്റര്‍ പരിധിയില്‍ പുറത്ത് നിന്നും കോഴി കൊണ്ടുവരുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. പക്ഷേ ശീതീകരിച്ച ചിക്കന് നിരോധനമില്ല.ഇതാണ് മലപ്പുറത്തെ ചില ചിക്കന്‍ വ്യാപാരികള്‍ മുതലെടുത്തത്. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നേ സമീപ പ്രദേശങ്ങളിലെ ചിക്കന്‍ ഫ്രോസണ്‍ ചിക്കനെന്ന പേരില്‍ കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലേക്ക് എത്തിക്കുകയാണ്.അതും വെറും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യാതൊരു ശീതീകരണ സംവിധാനവുമില്ലാതെ. ഇങ്ങനെ കടത്തിയ ഓട്ടോറിക്ഷയാണ് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാരികള്‍ ഈ തടഞ്ഞിരിക്കുന്നത്.

വ്യാപാരികള്‍ തടഞ്ഞ ഓട്ടോറിക്ഷ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധന കര്‍ശനമായില്ലെങ്കില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയെത്തുന്ന ഈ കോഴിയിറച്ചിയാകും നമ്മുടെ തീന്‍ മേശയിലെത്തുക.