LiveTV

Live

Kerala

കോഴിക്കോട് ജില്ലയിലെ കോഴിക്കടകള്‍ അനിശ്ചിതകാലത്തേക്ക് അടിച്ചിടാന്‍ തീരുമാനം; നീക്കം ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവില്‍ പ്രതിഷേധിച്ച് 

പക്ഷിപ്പനി ബാധിത മേഖലയില്‍ മൂന്ന് മാസത്തേക്ക് ചിക്കന്‍ കടകള്‍ അടച്ചിടാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം

കോഴിക്കോട് ജില്ലയിലെ കോഴിക്കടകള്‍ അനിശ്ചിതകാലത്തേക്ക് അടിച്ചിടാന്‍ തീരുമാനം; നീക്കം ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവില്‍ പ്രതിഷേധിച്ച് 

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ കൊല്ലുന്ന നടപടി പൂര്‍ത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേ‍തൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ നിരീക്ഷണം തുടരും. അതേ സമയം കോഴിക്കോട് ജില്ലയിലെ ചിക്കന്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ചിക്കന്‍ വ്യാപാരി സമിതി അറിയിച്ചു. പക്ഷിപ്പനി ബാധിത മേഖലയില്‍ മൂന്ന് മാസത്തേക്ക് ചിക്കന്‍ കടകള്‍ അടച്ചിടാനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തകര്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലും കൊടിയത്തൂരിലും കഴിഞ്ഞ ദിവസവും വ്യാപക പരിശോധന നടത്തിയിരുന്നു.വിവിധയിടങ്ങളില്‍പ്രതിരോധ പ്രവര്‍ത്തകരില്‍ നിന്നും ഒളിപ്പിച്ചു കടത്തിയ വളര്‍ത്തു പക്ഷികളെ പിടികൂടി. 1050 കോഴികളേയും മൂന്നുറോളം അലങ്കാര പക്ഷികളെയും സംഘം കൊന്നു ദഹിപ്പിച്ചു. ഇതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പരാതി ലഭിക്കുന്ന മുറക്ക് വരും ദിവസങ്ങളില്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗര സഭാ പരിധിയിലും മൂന്ന് മാസത്തേക്ക് വളര്‍ത്ത് പക്ഷികളെ കൊണ്ടു വരുന്നതും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.ഈ മേഖലയില്‍ കോഴിയിറച്ചിയും മുട്ടയും വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കിലോമീറ്റര്‍ പരിധിക്കപ്പുറമുള്ള മേഖലയില്‍ അടച്ചിട്ട ചിക്കന്‍ സ്റ്റാളുകള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇന്ന് തുറക്കും. ഇവിടെ സൂക്ഷിച്ചിരിക്കുന്ന കോഴികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാകും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുക.