LiveTV

Live

Kerala

കോവിഡ് 19: കോഴിക്കോടും വയനാടും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.

കോവിഡ് 19: കോഴിക്കോടും വയനാടും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. കോവിഡ് രോഗം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം.

കോഴിക്കോട് ബീച്ച്, ഭട്ട് റോഡ്, സൌത്ത് ബീച്ച്, ബേപ്പൂര്‍ പുലിമുട്ട്, കാപ്പാട് ബീച്ച്, സരോവരം ബയോപാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപ്പാറ, നമ്പികുളം, വടകര സാന്റ് ബാങ്ക്സ് എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. സഞ്ചാരികളെ ഒരു കാരണവശാലും ഈ ഭാഗങ്ങളില്‍ പ്രവേശിപ്പിക്കില്ല.

ആളുകള്‍ കൂടിയെത്തുന്നത് ഒഴിവാക്കുക എന്നതാണ് ജില്ലാഭരണകൂടം ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയില്‍ പുതുതായി 109 പേര്‍ ഉള്‍പ്പെടെ ആകെ 606 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. വയനാട്ടിൽ നിരീക്ഷണത്തിലുള്ളത് 19 പേരാണ്. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 75 ആയി.

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരികയാണ് ജില്ലാഭരണകൂടം. എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. പൂക്കോട് തടാകത്തിലേക്കും പ്രവേശന വിലക്ക് വന്നേക്കും. കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കും.

വയനാട് ജില്ലയിൽ നിന്ന് ഇതിനകം 13 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 4 പരിശോധനാഫലം ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാളുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ് ആയതിനെതുടർന്ന് നിരീക്ഷണം അവസാനിപ്പിച്ചു. 19 പേർ കൂടി പുതുതായി നിരീക്ഷണത്തിലായതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ള വരുടെ എണ്ണം 75 ആയി. സംസ്ഥാനത്തിനകത്ത് നിന്നും പുറംനാടുകളിൽ നിന്നും കൂടുതലായി വിനോദസഞ്ചാരികൾ എത്തുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങളുണ്ട്. എടക്കൽ ഗുഹയിലേക്കുള്ള പ്രവേശനം നിർത്തി. ബാണാസുരസാഗർ ഡാമിലേക്കും പ്രവേശനമില്ല. സഞ്ചാരികളുടെ എണ്ണം കൂടിയാൽ പൂക്കോട് വിനോദ സഞ്ചാര കേന്ദ്രവും താൽക്കാലികമായി അടക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുല്ല അറിയിച്ചു.

കർണാടകയിൽ രോഗം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ അതിർത്തിയിലെ ആരോഗ്യ പരിശോധന ഊർജ്ജിതമാക്കുമെന്നും കലക്ടർ അറിയിച്ചു. ഇതോടൊപ്പം പക്ഷിപ്പനി മുന്‍കരുതലിന്റെ ഭാഗമായി കോഴിയും മുട്ടയും വയനാട്ടിലേക്ക് കൊണ്ടുവരാനുണ്ടായിരുന്ന വിലക്ക് നീക്കിയതായും കലക്ടർ അറിയിച്ചു. ജില്ലയിൽ കുരങ്ങുപനി നിയന്ത്രണ ബോധവൽക്കരണ പരിപാടികളും പുരോഗമിക്കുകയാണ്.