LiveTV

Live

Kerala

‘എന്റേത് ഒരു മുസ്‍ലിം പേര് ആയിരുന്നെങ്കിലോ?’; അനുഭവ കുറിപ്പുമായി സക്കറിയ

‘ഭരണകൂടത്തിന്റെ വർഗീയതയേക്കാൾ ഭീകരമായ ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല’

‘എന്റേത് ഒരു മുസ്‍ലിം പേര് ആയിരുന്നെങ്കിലോ?’; അനുഭവ കുറിപ്പുമായി സക്കറിയ

രാജ്യത്ത് പൗരത്വനിയമത്തിനെതിരായും പൗരത്വ രജിസ്റ്ററിനെതിരായും പൊതുജന പ്രക്ഷോഭം അലയടിക്കുന്നതിനിടെ അനുഭവക്കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരന്‍ സകറിയ. ഭൂട്ടാനിലേക്കുള്ള യാത്രാമധ്യേ ശ്ചിമ ബംഗാളിലെ ബാഗ് ദോഗ്ര വിമാനത്താവളത്തിൽ നേരിടേണ്ടിവന്ന അസാധാരണ പൊലീസ് വിചാരണയാണ് സക്കറിയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചത്. മതവും ജാതിയും പേരും ജന്മസ്‌ഥലവും വസ്ത്രവും ഭാഷയും നോക്കി പൗരന്മാരെ അനഭിമതരെന്നോ അപകടകാരികൾ എന്നോ തരം തിരിക്കുന്ന കുപ്രസിദ്ധമായ നടപടിയാണ് നടന്നതെന്നും ഭരണകൂടത്തിന്റെ വർഗീയതയേക്കാൾ ഭീകരമായ ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ലായെന്നും സക്കറിയ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പോള്‍ സകറിയയുടെ ഫേസ്ബുക്ക് കുറിപ്പ്

പൗരത്വ ബില്ലിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും തടങ്കൽ പാളയ നിർമാണങ്ങളുടെയും പശ്ചാത്തലത്തിൽ ഒരോർമ്മ കുറിപ്പ്.

ഭരണകൂട സംവിധാനങളുടെ അടിത്തട്ടിൽ വരെ വർഗീയ വിഷം എങ്ങനെ കുത്തി നിറച്ചിരിക്കുന്നു എന്നതിന് ഒരുദാഹരണമാണ് എനിക്കുണ്ടായ ഈ അനുഭവം.

ഒരു സുഹൃത്തും ഞാനും ഭൂട്ടാനിലെക്ക് പോകാനായി പശ്ചിമ ബംഗാളിലെ ബാഗ് ദോഗ്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഇന്ത്യക്കാർക്ക് ഭൂട്ടാനിലേക്ക് വിസ വേണ്ട. എന്നാൽ പാസ്പോർട്ടിൽ മുദ്ര കുത്തൽ ഉണ്ട്. അതിനുള്ള വരിയിൽ നിൽക്കുമ്പോൾ ഒരു പോലീസുകാരൻ യാത്രക്കാരുടെ പാസ്പോർട്ടുകൾ വാങ്ങി പരിശോധിച്ച് തുടങ്ങി. എന്റെ പാസ്പോർട്ട് വാങ്ങി, തുറന്നു, മറിച്ച് നോക്കി. വീണ്ടും മറിച്ച് നോക്കി. എന്നെ നന്നായി ഒന്ന് നോക്കി. എന്നിട്ട് എന്നെ വരിയിൽ നിന്ന് വിളിച്ചു മാറ്റി ചോദ്യം ചെയ്തു തുടങ്ങി.

ഞാൻ ആരാണ്, എന്ത് ചെയ്യുന്നു എന്ന് തുടങ്ങി എന്തിനാണ് ഭൂട്ടാനിൽ പോകുന്നത് എന്നിങ്ങനെ അനവധി ചുഴിഞ്ഞ ചോദ്യങ്ങൾ. ഞാൻ എന്നാലാവും വിധം വിശദമായി മറുപടി നൽകി. സുഹൃത്തും എന്റെ സഹായത്തിനെത്തി. അവസാനം അയാൾ കാര്യത്തിലെക്ക് കടന്നു. നിങ്ങൾ പല തവണ ഗൾഫ് രാജ്യങ്ങളിൽ പോയതായി കാണുന്നു. എന്തിനാണ് ഇത്രയധികം തവണ അവിടെ പോയത്? ഗൾഫ് മലയാളി സംഘടനകളുടെ ക്ഷണങ്ങളെ പറ്റി ഞാൻ വിശദീകരിച്ചു. അത് വിശ്വാസ്യമല്ല എന്നായിരുന്നു അയാളുടെ ഉത്തരം. ഗൾഫിൽ പോകുന്നത് ഒരു കുറ്റമാണോ എന്ന് ഞാൻ ചോദിച്ചു. എങ്കിൽ കേരളത്തിലുള്ള കുറച്ചു ലക്ഷം ഹിന്ദുക്കളെയും മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും നിങ്ങൾ പിടികൂടേണ്ടി വരുമല്ലോ. അയാൾക്ക് ഉത്തരമില്ല.

ഗൾഫിൽ ആർ.എസ്.എസ് ശാഖകൾ നടത്തുന്നവരെ എന്ത് ചെയ്യും എന്ന് ഞാൻ ചോദിച്ചില്ല. നിങ്ങൾക്കെന്താണ് വേണ്ടത് ഞാൻ ചോദിച്ചു. അത് അയാൾ പറയുന്നില്ല. എനിക്ക് കാര്യം മനസ്സിലായി. എന്റെ ക്രിസ്ത്യൻ പേരും മലയാളി പശ്ചാത്തലവും ഗൾഫിലേക്കുള്ള യാത്രകളും കൂട്ടിവായിച്ചപ്പോൾ അയാളിൽ ഭരണകൂടം മുദ്രണം ചെയ്തിരുന്ന വർഗീയ മസ്തിഷ്കം ഉണർന്നു. മലയാളി എന്നാൽ കമ്മ്യൂണിസ്റ്റ്, കൂടാതെ ഒരു ക്രിസ്ത്യാനി. ക്രിസ്ത്യാനി പ്രശ്നക്കാരനാണ്. ഒരു പക്ഷെ ജിഹാദിയും ആയിരിക്കാം. അതാണല്ലോ ഇത്രയേറെ ഗൾഫ് യാത്രകൾ കാണിക്കുന്നത്. എന്നാല്‍ ഞാൻ മുസ്‍ലിം അല്ല താനും. ഈ പരസ്പരബന്ധമില്ലാത്ത ഘടകങ്ങളെ കൂട്ടിച്ചേർത്ത് അടയാളപ്പെടുത്തുന്ന ഒരു നിർവചനം അയാളുടെ ഔദ്യോഗിക വർഗീയ പരിശീലനം നൽകിയിട്ടില്ല താനും.

മതവും ജാതിയും പേരും ജന്മസ്‌ഥലവും വസ്ത്രവും ഭാഷയും നോക്കി പൗരന്മാരെ അനഭിമതരെന്നോ അപകടകാരികൾ എന്നോ തരം തിരിക്കുന്ന കുപ്രസിദ്ധമായ നടപടി, profiling, ആണ് അയാൾ ചെയ്യുന്നത്. അയാളുടെ നോട്ടത്തിൽ എന്റെ പേരിൽ കാണുന്ന മതവും, ഞാൻ മലയാളി ആയിരിക്കുന്നതും എന്റെ ഗൾഫ് യാത്രകളും കാണിക്കുന്നത് ഒരു അപകടകാരിയെ ആണ്. ടെററിസ്റ്റ് ആവാം വെറും ദേശ ദ്രോഹി മാത്രം ആവാം. എന്നാൽ അയാൾക്ക് എന്നെ കൃത്യമായി ചാപ്പ കുത്താൻ കഴിയുന്നില്ല താനും. എന്റേതു ഒരു മുസ്‍ലിം പേര് ആയിരുന്നു എങ്കിലോ!

എന്റെ യാത്ര തടയാനുള്ള ധൈര്യം അയാൾക്ക് ഇല്ല താനും. എന്റെ സുഹൃത്തിനെ അടുത്ത് വിളിച്ച് കുറെ സമയം എന്നെ പറ്റി ചോദ്യം ചെയ്തു. അവസാനം പാസ്പോർട്ടിൽ മുദ്ര കുത്തി കിട്ടി. പക്ഷേ വിമാനത്തിലേക്ക് ഞാൻ യാത്രയാവും വരെ അയാൾ ഒളിഞ്ഞു നിന്ന് എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. എനിക്ക് അയാളോട് സഹതാപമേ തോന്നിയുള്ളൂ. കാരണം അയാൾ വർഗീയ വിഷം തീണ്ടിയ മറ്റൊരു നിർഭാഗ്യവാനാണ്. പക്ഷേ ഒന്ന് മറക്കേണ്ട. ഭരണകൂടം മസ്തിഷ്ക പ്രക്ഷാളനം ചെയ്ത ഇത്തരം ഒരു മനുഷ്യന് ഒരു ജന സമൂഹത്തെ തന്നെ കൊലക്ക് കൊടുക്കുവാനുള്ള ശേഷിയുണ്ട്. ഇയാളെ പോലെയുള്ളവരായിരുന്നു ഹിറ്റ്ലറുടെ പൈശാചികങ്ങളായ യഹൂദോന്മൂലന ക്യാംപുകൾ അതീവ കാരൃക്ഷമതയോടെ നടത്തിയത്.

ഭരണകൂടത്തിന്റെ വർഗീയതയേക്കാൾ ഭീകരമായ ഒരു ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല. അത്യാവശ്യവും ഐതിഹാസികവുമായ ഒരു തിരുത്ത് ആ രാഷ്ട്രം ആവശ്യപ്പെടുന്നു.