LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് പൊളിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സമീപത്തെ വീടുകൾ നന്നാക്കുന്ന ജോലികള്‍ ഇഴയുന്നതായി പരാതി 

ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് സമീപത്തെ 14 വീടുകള്‍ക്കായിരുന്നു കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്

മരടിലെ ഫ്ലാറ്റ് പൊളിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സമീപത്തെ വീടുകൾ നന്നാക്കുന്ന ജോലികള്‍ ഇഴയുന്നതായി പരാതി 

മരടിലെ ഫ്ലാറ്റ് പൊളിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നന്നാക്കുന്ന ജോലികള്‍ ഇഴയുന്നതായി പരാതി. ആല്‍ഫ ഫ്ലാറ്റ് പൊളിക്കല്‍ കരാര്‍ ഏറ്റെടുത്ത വിജയ സ്റ്റീല്‍സിന്റെ ഭാഗത്ത് നിന്നും മെല്ലെപ്പോക്ക് നയമാണ് ഉണ്ടാകുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഫ്ലാറ്റുകള്‍ പൊളിച്ചതിന് ശേഷം 15 ദിവസത്തിനകം പരിസരത്തെ വീടുകളുടെ കോടുപാടുകള്‍ നന്നാക്കണമെന്നായിരുന്നു മരട് നഗരസഭ പൊളിക്കല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം. പൊളിച്ച് നീക്കിയ ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് സമീപത്തെ 14 വീടുകള്‍ക്കായിരുന്നു കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വീടുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും കേടുപാടുകള്‍ പരിഹരിക്കുന്ന നടപടികള്‍ ബന്ധപ്പെട്ട കരാര്‍ കമ്പനികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിജയ്സ്റ്റീൽസ് നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ എത്തിച്ചിട്ടും അകാരണമായി പണി വൈകിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

ആല്‍ഫ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിന് മുമ്പേ തന്നെ പ്രദേശത്തെ പലരും താമസം മാറിയിരുന്നു. ചില വീടുകളിലേക്ക് ഇപ്പോഴും ആളുകള്‍ തിരികെ എത്തിയിട്ടില്ല.

ധൈര്യമായി താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത് പരിഹരിക്കാനായി ഇനി ആരെ സമീപിക്കണമെന്നും അവര്‍ക്ക് വ്യക്തതയില്ല.