LiveTV

Live

Kerala

കോവിഡ് 19: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ പ്രസ്താവന നടത്തും

കോവിഡ് ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളും യാത്രാവിലക്കും പ്രവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുന്ന പ്രമേയവും മുഖ്യമന്ത്രി അവതരിപ്പിക്കും

കോവിഡ് 19: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ പ്രസ്താവന നടത്തും

സംസ്ഥാനത്തെ കോവിഡ് ബാധയും അതു നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. കോവിഡ് ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളും യാത്രാവിലക്കും പ്രവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുന്ന പ്രമേയവും മുഖ്യമന്ത്രി അവതരിപ്പിക്കും. ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർ രോഗം ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ സർക്കുലർ. ഈ സർക്കുലർ പിൻവലിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം സഭ പാസാക്കും.

അതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 3313 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 293 പേര്‍ ആശുപത്രിയിലാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന വൃദ്ധരായ രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട റാന്നി മേഖലയിലാണ് കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. കോട്ടയത്ത് 60 പേരും, എറണാകുളത്ത് 131 പേരും രോഗം റിപ്പോർട്ട് ചെയ്തവരുമായി സമ്പർക്കം പുലർത്തിയതായ് കണ്ടെത്തി.

213 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. കോവിഡ് 19 റിപ്പോർട്ട് ചെയ്ത കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ സംസ്ഥാനത്ത് എത്തുന്നതിനാൽ എയര്‍പോർട്ടുകളിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരുടെ ആരോഗ്യനിലയില്‍ ഇടയ്ക്ക് ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോള്‍ തൃപ്തികരമാണ്. ആശുപത്രിയിൽ കഴിയുന്ന മറ്റെല്ലാവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോന്നിയിൽ രോഗം സ്ഥിരീകരിച്ചവർ സഞ്ചരിച്ച സ്ഥലങ്ങളുടെ പുതിയ വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു.