LiveTV

Live

Kerala

ഇറ്റലിയില്‍ നിന്നെത്തിയവര്‍ പരിശോധനയില്ലാതെ വിമാനത്താവളത്തില്‍ നിന്ന് പോയ സംഭവം: വീഴ്ച പറ്റിയിട്ടില്ലെന്ന് സിയാല്‍

കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. 

ഇറ്റലിയില്‍ നിന്നെത്തിയവര്‍ പരിശോധനയില്ലാതെ വിമാനത്താവളത്തില്‍ നിന്ന് പോയ സംഭവം: വീഴ്ച പറ്റിയിട്ടില്ലെന്ന് സിയാല്‍

ഇറ്റലിയില്‍ നിന്നെത്തിയവര്‍ പരിശോധനയില്ലാതെ വിമാനത്താവളത്തില്‍ നിന്ന് പോയ സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സിയാല്‍. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണ്. യാത്രക്കാരെ പരിശോധിക്കാന്‍ പരമാവധി സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്ന് മുതലാണ് രാജ്യാന്തര ആഗമന യാത്രക്കാര്‍ക്ക് യൂണിവേഴ്‌സൽ സ്‌ക്രീനിങ് ഏർപ്പെടുത്തിയത്. അതിന് മുമ്പ് ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു സമ്പൂർണ സ്‌ക്രീനിങ്. ഇറാൻ, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണം എന്നായിരുന്നു നിർദേശം. ഈ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. അതുകൊണ്ട് ഇക്കാര്യത്തിൽ യാത്രക്കാർ തന്നെ മുൻകൈയെടുക്കണം. ആവർത്തിച്ചുള്ള ഇത്തരം അറിയിപ്പുകൾ വിമാനത്തിൽ വച്ചു നൽകിയിട്ടുണ്ട്.

29-ാം തീയതി ഇറ്റലിയിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്ന് യാത്രക്കാർ ഹെൽത്ത് പരിശോധന ഒഴിവാക്കുകയും യാത്ര തുടങ്ങിയത് ഇറ്റലിയിൽ നിന്നാണെന്ന കാര്യം മറച്ചുവച്ച് പുറത്തിറങ്ങുകയും ചെയ്തു. ഇതേ റൂട്ടിൽ വന്ന മറ്റുള്ളവർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതില്‍ ഹെൽത്ത് കൗണ്ടർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിയാല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സർക്കാർ അന്വേഷണം നടത്തുകയും നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. 30 ഡോക്ടർമാർ ഉൾപ്പെടെ 60 പേരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധന നടത്തുന്നുണ്ട്. രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ 10 ആംബുലൻസുകൾ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.