LiveTV

Live

Kerala

കോവിഡ് 19 :എറണാകുളം ജില്ലയില്‍ 56 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു.

കോവിഡ് 19 :എറണാകുളം ജില്ലയില്‍ 56 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ 56 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24 ആയി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു.

എട്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതോടെ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24 ആയി. വിദേശ രാജ്യങ്ങളില്‍ നിന്ന് 52 പേര്‍ കൊച്ചിയിലെത്തി. ഇതില്‍ 49 പേർ ഇറ്റലിയിൽ നിന്നും 3 പേർ കൊറിയയിൽ നിന്നുമാണ്. ഇവരുടെ അടക്കം മൊത്തം 84 സാമ്പിളുകളാണ് ആലപ്പുഴ എൻ.ഐ.വി യിലേക്ക് പരിശോധനയ്ക്കയച്ചത്.

നിരീക്ഷണപ്പട്ടികയില്‍ നിന്ന് ഇതുവരെ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. 417 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 45 പേര്‍ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവരുമായി ഫസ്റ്റ് കോണ്‍ടാക്ട് ഉള്ളവരാണ്. കളമശേരിയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട മൂന്നു പേരും നീരീക്ഷണത്തിലുണ്ട്.

വീടുകളിലുള്ളവര്‍‌ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാരെയും പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട 17 പേർ സ്വന്തം താത്പര്യ പ്രകാരം ആശുപത്രിയിൽ തുടരുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.