LiveTV

Live

Kerala

സർക്കാരിന്റെ യശസ്സ് കൂടിപ്പോകുമോ എന്ന ആശങ്കയാണവര്‍ക്ക്: മീഡിയ മാനിയ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി

“ഏത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കിയാണോ? അങ്ങനെ നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍? ആ മനുഷ്യരുടെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്?”

സർക്കാരിന്റെ യശസ്സ് കൂടിപ്പോകുമോ എന്ന ആശങ്കയാണവര്‍ക്ക്: മീഡിയ മാനിയ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി

ആരോഗ്യമന്ത്രിക്കെതിരായ മീഡിയ മാനിയ പരാമർശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാരിന്റെ യശസ്സ് കൂടിപ്പോകുമോ എന്ന ആശങ്കയാണവര്‍ക്കെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

"എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നത്? ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ ആളുകളെ തള്ളിവിടുകയാണോ വേണ്ടത്? എല്ലാവരും ഒത്തുചേര്‍ന്ന് ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ ഏത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കിനിക്കലാണോ? അങ്ങനെ നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍? ആ മനുഷ്യരുടെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്? ഇതില്‍ കൂടുതല്‍ പറയാതിരിക്കുകയാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവ്വകക്ഷി യോഗം 16ന് വിളിക്കാൻ നിശ്ചയിച്ചിരുന്നു. അത് വേണമോ എന്ന് നാളെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി.

ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പറഞ്ഞത്. ഇന്നലെ സഭയില്‍ നടന്ന കാര്യങ്ങള്‍ വെട്ടി, ചിലത് ഒഴിവാക്കി അവര്‍ക്കിഷ്ടമുള്ള ഭാഗങ്ങള്‍ കൊടുത്ത് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളെ അപമാനിക്കാനാണ് ശ്രമിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.