LiveTV

Live

Kerala

സംസ്ഥാനം കോവിഡ് ജാഗ്രതയില്‍; സംസ്ഥാനത്ത് മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി

കോവിഡ് 19 കേരളത്തില്‍ മരണം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍. അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി, സഭയെ അറിയിച്ചു.

സംസ്ഥാനം കോവിഡ് ജാഗ്രതയില്‍; സംസ്ഥാനത്ത് മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി

കോവിഡ് 19 രോഗം മൂലമുളള മരണം കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി. രോഗബാധയെ നേരിടാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്രസർക്കാർ എർപ്പെടുത്തിയ യാത്രവിലക്കിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുകയാണ്.

കോവിഡ് 19 രോഗബാധക്കെതിരെ അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പും സർക്കാർ സംവിധാനങ്ങളും ഇടപെടുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. കോവിഡ് മരണം കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയിൽ വ്യക്തമാക്കി.

കോവിഡ് 19 രോഗബാധയെത്തുടർന്ന് പ്രവാസികൾക്കുണ്ടായ യാത്രവിലക്കിൽ സഭ ആശങ്ക രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. യാത്രാവിലക്കിനെതിരെ പ്രമേയം കൊണ്ടുവരുന്ന കാര്യവും നിയമസഭ പരിഗണിക്കുന്നുണ്ട്.

ഇതുവരെയുളള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 1495 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുളളത്. 236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരുടെ നില ആശങ്കാജനകമാണ്. രോഗബാധ ഉയരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗ ബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാര്‍പ്പിലെ ക്ലിനിക് പൂട്ടിച്ചു. റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബത്തിന്റെയും രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെയും റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. രോഗബാധിതരുമായി നേരിട്ടും, അല്ലാതെയും ഇടപഴകിയ 800 ലധികം ആളുകളെയും തിരിച്ചറിഞ്ഞു. റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ടവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ റൂട്ട് മാപ്പ്:

 • ഫെബ്രുവരി 29, 10.30 am - 11.30 am - കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡിലെ ഹോട്ടല്‍ ആര്യാസില്‍
 • മാര്‍ച്ച് 01, രാത്രി 9.30 pm -11 pm- റാന്നിയിലെ സുരേഷ് ഹോട്ടലില്‍
 • മാര്‍ച്ച് 02, 11 am - 11.30 am - റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫിസില്‍
 • മാര്‍ച്ച് 02, 11.30 am-12 - ക്നാനായ പള്ളിയില്‍ ചെലവഴിച്ചു
 • മാര്‍ച്ച് 02, 12- 1 pm - റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫിസില്‍
 • മാര്‍ച്ച് 02, 1.15 pm -2 pm റാന്നി ഗോള്‍ഡന്‍ എംപോറിയം ഷോപ്പില്‍
 • മാര്‍ച്ച് 02.30 pm - മുത്തൂറ്റ് മിനി സൂപ്പര്‍മാര്‍ക്കറ്റ് റാന്നി
 • മാര്‍ച്ച് 02, 06 pm - ഇംപീരയല്‍ ബേക്കറി, പുനലൂര്‍
 • മാര്‍ച്ച് 02, 07 pm - പുനലൂര്‍ മാഞ്ഞാറിലെ ബന്ധുവീട്ടില്‍
 • മാര്‍ച്ച് 03, പുലര്‍ച്ചെ ഒരു മണി - റാന്നി തോട്ടമണ്ണിലെ SBI ATM
 • മാര്‍ച്ച് 04 രാവിലെ 10 - റാന്നി തോട്ടമണ്ണിലെ എസ്ബിഐ എടിഎം
 • മാര്‍ച്ച് 04, 10.30 am -11.30 am - സുപ്രിം ട്രാവല്‍സ് റാന്നി
 • മാര്‍ച്ച് 05, 11.45 am - യുഎഇ എക്സ്ചേഞ്ച്, പത്തനംതിട്ട‌
 • മാര്‍ച്ച് 05, 12.45 pm - പത്തനംതിട്ട എസ്പി ഓഫിസ്
 • മാര്‍ച്ച് 05, 1.30 വരെ - റോയല്‍ സ്റ്റുഡിയോ പത്തനംതിട്ട
 • മാര്‍ച്ച് 05, 2 pm - ജോസ്കോ ജുവലറി, പത്തനംതിട്ട
 • മാര്‍ച്ച് 05 3 pm - റാന്നി ഗേറ്റ് ഹോട്ടല്‍

റാന്നിയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ കോട്ടയം ജില്ലയിലും എത്തിയിരുന്നു. റാന്നിയില്‍ നിന്നും സ്വകാര്യ ബസില്‍ കഞ്ഞിക്കുഴിയിലേക്ക് സഞ്ചരിച്ചു. ഈ മാസം ആറിന് രാവിലെ 8.15ന് 'തച്ചിലേത്ത്' ബസിലാണ് ഇവർ യാത്ര ചെയ്തത്. 10.30 മുതല്‍ 11.30വരെ കഞ്ഞിക്കുഴി പാലത്തറ ടെക്സ്റ്റയിൽസിൽ ചെലവഴിച്ചു. കഞ്ഞിക്കുഴിയില്‍ നിന്നും റാന്നിയിലേക്ക് 'മഹിനിയം' ബസില്‍ തിരികെ യാത്ര.

ഈ സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ സ്ക്രീനിങിന് വിധേയമാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.