LiveTV

Live

Kerala

ഇറ്റലിയിലെ റോമിലും മിലാനിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; 16 മണിക്കൂറിന് ശേഷവും നടപടിയില്ലെന്ന് പരാതി

റോമില്‍ കുടുങ്ങിയ മലയാളികള്‍ 16 മണിക്കൂറായി വിമാനത്താവളത്തില്‍. മിലാനില്‍ നൂറിലേറെ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു; ഇറ്റലിയില്‍ നിന്നെത്തിയ 42 പേരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

ഇറ്റലിയിലെ റോമിലും മിലാനിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; 16 മണിക്കൂറിന് ശേഷവും നടപടിയില്ലെന്ന് പരാതി

ഇറ്റലിയിലെ വിവിധ വിമാനത്താവളങ്ങളില്‍ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നു. റോം, മിലാന്‍ വിമാനത്താവളങ്ങളിലാണ് ഇവരുള്ളത്. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന പരിശോധനാഫലം ഹാജരാക്കണമെന്ന വ്യവസ്ഥയാണ് ഇവരുടെ യാത്ര മുടക്കിയത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും എങ്ങുമെത്താതെ നില്‍ക്കുകയാണ്

ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങാനായി റോം, മിലാന്‍ വിമാനത്താവളങ്ങളിലെത്തിയവരാണ് യാത്രാവിലക്കില്‍ കുടുങ്ങിയത്. ഇന്ത്യയില്‍ ഇറക്കാമെന്ന കത്ത് ലഭിച്ചാലേ യാത്രാ അനുമതി നല്‍കാനാവൂവെന്നാണ് വിമാനകമ്പനിയായ എമറേറ്റ്സും വിമാനത്താവള അധികൃതരും റോം വിമാനത്താവളത്തിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള 45 അംഗ സംഘത്തെ അറിയിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് ഭക്ഷണം പോലും ലഭിച്ചില്ല

സമാനമായ സാഹചര്യം ചൂണ്ടികാട്ടിയാണ് മിലാന്‍ വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലേക്ക് ടിക്കറ്റെടുത്ത 100 ഓളം പേരുടെ യാത്ര എയര്‍ ഇന്ത്യയും തടഞ്ഞത്. പലരും ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയെങ്കിലും ഫലപ്രദമായ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളും കുടുങ്ങി കിടക്കുന്നവരില്‍ ഉണ്ട്.

അതിനിടെ ഇന്നലെ ഇറ്റലിയില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തിയ 45 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. പുലർച്ചെ രണ്ടരയോടെ ദോഹ വഴിയെത്തിയ സംഘത്തെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഘത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കുകയുള്ളു.

ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യയിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മടങ്ങിവരവിന് തടസ്സമായ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ സർക്കുലർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 45 പേരടങ്ങുന്ന മലയാളി സംഘമാണ് ഇറ്റലിയിലെ റോം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ച സർക്കുലറാണ് ഇവർക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കെറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇന്ത്യയിൽ ഇറക്കാമെന്ന കത്ത് ലഭിച്ചാലേ യാത്രക്ക് അനുമതി നൽകാൻ സാധ്യമാവൂ എന്നാണ് വിമാനക്കമ്പനിയായ എമിറേറ്റ്സും വിമാനത്താവള അധികൃതരും മലയാളികളായ യാത്രക്കാരെ അറിയിച്ചിട്ടുള്ളത്.

എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മലയാളി സംഘം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. നാട്ടിലെത്തിയാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച സർക്കുലർ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് അകാരണമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മടങ്ങി വരുന്നവരെ പരിശോധിക്കാനും ആവശ്യമെങ്കിൽ നീരിക്ഷണത്തിൽ വെക്കാനുള്ള സൗകര്യം രാജ്യത്തുണ്ട്. അതിനാൽ തന്നെ സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകണം എന്നീ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നു.