LiveTV

Live

Kerala

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള 85കാരിയുടെ നില ഗുരുതരം

ശ്വാസതടസ്സമടക്കം നേരിടുന്നുണ്ടെന്നും ഇസിജി വേരിയേഷന്‍ കാണിച്ചെന്നുമാണ് സൂചന

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള 85കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ബാധിതരായി ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായതായി സൂചന. പത്തനംതിട്ടയില്‍ നിന്നും കൊണ്ടുവന്ന പ്രായമുള്ള സ്ത്രീയുടെ ആരോഗ്യ നിലയാണ് മോശമായത്. കോട്ടയത്തുള്ളവരിലും രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. കൊച്ചിയില്‍ വിമാനത്താവളത്തിലടക്കം കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയവരുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പ്രായമുള്ളവരായതിനാല്‍ ഐസിയുവിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ ഒരാളുടെ നില മോശമായതായാണ് വിവരം. ശ്വാസതടസ്സമടക്കം നേരിടുന്നുണ്ടെന്നും ഇസിജി വേരിയേഷന്‍ കാണിച്ചെന്നുമാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്നലെ ആരോഗ്യമന്ത്രി തന്നെ ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനിടെ ഇറ്റലിക്കാരുടെ ബന്ധുക്കളായ കോട്ടയം സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിലാണ്.

പത്ത് പേരാണ് നിലവില്‍ ആശുപത്രികളില്‍ ഉള്ളത്. 167 പേരെ ഹോം കോറന്റൈന്‍ ചെയ്തിട്ടുണ്ട്. തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്കുന്ന പരിപാടികള്‍ തുടരുകയാണ്. 7 ടീമുകളായി തിരിഞ്ഞ് രോഗ വ്യാപനത്തിന്റെ സാധ്യതകളും പഠിക്കുന്നുണ്ട്. ഇതിനിടയില്‍ രോഗബാധിതരായവര്‍ പരിശോധനയ്ക്ക് എത്തിയ ഒരു ക്ലിനിക്ക് പൂട്ടി. ജില്ല കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. കൊച്ചിയിലും ജാഗ്രത തുടരുകയാണ്. വിമാനത്താവളത്തിലടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മൂന്ന് പേരാണ് കൊച്ചിയില്‍ രോഗബാധിതരായി കഴിയുന്നത്.