LiveTV

Live

Kerala

തോക്ക് നിര്‍മാണം; ബി.ജെ.പി പ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ബി.ജെ.പി ജില്ലാ നേതൃത്വത്തോടെല്ലാം അടുത്ത ബന്ധമുള്ള വ്യക്തിയാണ് പിടിയിലായിരിക്കുന്നത്

തോക്ക് നിര്‍മാണം; ബി.ജെ.പി പ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കോട്ടയത്ത് തോക്ക് നിർമ്മിച്ച് വിൽപന നടത്തിയതിന് ബി.ജെ.പി പ്രവർത്തകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കോട്ടയം പള്ളിക്കത്തോട് സ്വദേശി കെ.എന്‍ വിജയനക്കമുള്ളവരാണ് പള്ളിക്കത്തോട് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും റിവോള്‍വറുകളും തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികളും വെടിയുണ്ടകളും പിടിച്ചെടുത്തു. പ്രതികളെ റിമാന്‍റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് ബി.ജെ.പി പ്രവര്‍ത്തകനായ കെ.എന്‍ വിജയന്റെ കയ്യിൽ നിന്നും ഒരു റിവോൾവർ പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തോക്ക് നിർമ്മാണ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചത് . അന്വേഷണത്തിൽ പത്തോളം തോക്കുകള്‍ പള്ളിക്കത്തോട് പൊലീസ് പിടിച്ചെടുത്തു. വിജയനെ കൂടാതെ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, മനേഷ്‌കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികൾ, തോക്കിന്റെ മോഡലുകള്‍, വ്യാജവെടിയുണ്ടകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50ഓളം ഇരുമ്പുവടികള്‍ എന്നിവ പിടിച്ചെടുത്തു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. പ്രതികളില്‍ പലരും ആയുധം കൈവശംവച്ചതിന് ഇതിനു മുന്‍പും അറസ്റ്റിലായവരാണ്.

കെ.എന്‍ വിജയൻ ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായടക്കം ബന്ധം പുലര്‍ത്തിയിരുന്നു. ആംസ് ആക്ട്, ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ബി.ജെ.പി ജില്ലാ നേതൃത്വത്തോടെല്ലാം അടുത്ത ബന്ധമുള്ള വ്യക്തിയാണ് പിടിയിലായിരിക്കുന്നത്. ഇവരെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഇന്നലെ ആയിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് നടന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.