LiveTV

Live

Kerala

മീഡിയവൺ, ഏഷ്യനെറ്റ് വിലക്ക് സഭയിൽ ഉന്നയിച്ച് കേരള എം.പിമാർ

കലാപം റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ വിലക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും എ.എം ആരിഫും കുറ്റപ്പെടുത്തി.

മീഡിയവൺ, ഏഷ്യനെറ്റ് വിലക്ക് സഭയിൽ ഉന്നയിച്ച് കേരള എം.പിമാർ

മീഡിയവൺ, ഏഷ്യനെറ്റ് ചാനലുകളുടെ സംപ്രേഷണം വിലക്കിയ വിഷയം സഭയിൽ ഉന്നയിച്ച് കേരളത്തിലെ എം.പിമാർ. കലാപം റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ വിലക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും എ.എം ആരിഫും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ നടപടി സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

ഡൽഹി കലാപം സംബന്ധിച്ച വിഷയം ചർച്ച ചെയ്യുമ്പോഴാണ് എം.പിമാർ മാധ്യമ വിലക്ക് ഉന്നയിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലും എളമരം കരിം, ബിനോയ്‌ വിശ്വം, കെ.കെ രാഗേഷ് എന്നിവർ രാജ്യസഭയിലും വിഷയത്തിൽ നോട്ടീസ് നൽകി.

ഏഷ്യാനെറ്റ്‌, മീഡിയവൺ ചാനലുകളെ റദ്ദാക്കിയത് ജനാധിപത്യത്തിന്റ നാലാം തൂൺ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റമാണെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. മീഡിയവണിനെയും ഏഷ്യാനെറ്റിനെയും വിലക്കിയതിനെക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ ഭീഷണി നേരിടുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ചാനലുകളെ വിലക്കിയത് ചർച്ച ചെയ്യണമെന്ന് ബിനോയ്‌ വിശ്വം എം.പി ആവശ്യപ്പെട്ടെങ്കിലും സഭാ അധ്യക്ഷൻ അനുവദിച്ചില്ല.