LiveTV

Live

Kerala

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരെ പരിശോധിക്കാന്‍ നാളെത്തന്നെ ഇറ്റലിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരെ പരിശോധിക്കാന്‍ നാളെത്തന്നെ ഇറ്റലിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.

രോഗം പടരാതിരിക്കാനാണ് വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവി‍ഡ് ഇല്ലെന്ന സാക്ഷ്യപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇതുമൂലം ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്കുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എ.കെ ആന്‍റണി, എളമരം കരീം തുടങ്ങിയവരാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന വിവരം രാജ്യസഭയില്‍ ഉന്നയിച്ചത്. യാത്രാനിരോധനം മൂലം നാട്ടില്‍ കുടുങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ ജോലിക്ക് പ്രശ്നം വരില്ലെന്ന് അതത് രാജ്യങ്ങളിലുള്ള എംബസികള്‍ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ മന്ത്രി രാജ്യസഭയെ അറിയിച്ചു.

ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങാനായി റോം, മിലാന്‍ വിമാനത്താവളങ്ങളിലെത്തിയവരാണ് യാത്രാവിലക്കില്‍ കുടുങ്ങിയത്. ഇന്ത്യയില്‍ ഇറക്കാമെന്ന കത്ത് ലഭിച്ചാലേ യാത്രാ അനുമതി നല്‍കാനാവൂവെന്നാണ് വിമാന കമ്പനിയായ എമറേറ്റ്സും വിമാനത്താവള അധികൃതരും യാത്രക്കാരെ അറിയിച്ചത്. ഇറ്റലിയില്‍ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യയിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിട്ടുണ്ട്.

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തിയ്യതി പുറപ്പെടുവിച്ച സർക്കുലറാണ് യാത്രക്കാര്‍ക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.