LiveTV

Live

Kerala

പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി

ചത്ത കാക്കകളെ നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി; ദൂരപരിധി ലംഘിച്ച് പക്ഷികളെ കൊല്ലുന്നുവെന്ന് നാട്ടുകാര്‍

പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയില്‍ പക്ഷികള്‍ ചത്തുവീണിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. പക്ഷികളുടെ ജഡം എടുത്തു മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി. ഒരു കിലോമീറ്റര്‍ പരിധി കവിഞ്ഞും വളര്‍ത്തുപക്ഷികളെ കൊന്നതായും നാട്ടുകാര്‍ ആരോപിച്ചു.

വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കുന്ന വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തോട് ചേര്‍ന്നാണ് കാക്കകളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ചത്ത കാക്കകളെ നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി.

പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചാണ് വളര്‍ത്തുപക്ഷികളെ കൊല്ലുന്നത്. ഈ പരിധി ദൌത്യസംഘം ലംഘിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

ദൂരപരിധി ലംഘിച്ച് പക്ഷികളെ കൊല്ലുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചത്തു വീണ പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി ബാധിത മേഖലകളില്‍ വളര്‍ത്തു പക്ഷികളെ കൊന്നു ദഹിപ്പിക്കുന്ന ദൌത്യം ഇന്ന് പൂര്‍ത്തിയാക്കും. വേങ്ങേരിയില്‍ ഇതിനായി ഇരുപത്തിനാല് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചത്തു വീണ പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിലും വേങ്ങേരിയിലും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വളര്‍‌ത്തു പക്ഷികളെ മുഴുവന്‍ കൊന്നു ദഹിപ്പിക്കുകയെന്നതായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ ശ്രമകരമായ ദൌത്യം. കൊടിയത്തൂരില്‍ ദൌത്യം പൂര്‍ത്തിയാക്കി. വേങ്ങേരിയില്‍ ഇന്ന് വൈകിട്ടോടെ വളര്‍ത്തു പക്ഷികളെ കൊന്നുതീര്‍ക്കാന്‍ സാധിക്കുമെന്നാണ് ദൌത്യസംഘം കരുതുന്നത്. ഇതിനായി കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹകരണം ഉറപ്പു വരുത്താനായി കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍‌ത്തിരുന്നു.

വേങ്ങേരിയില്‍‌ ചത്തു വീണ പക്ഷികളുടെ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഇന്ന് പരിശോധനക്കയക്കും. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാനുളള വിദഗ്ധസംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു. ദേശാടനപക്ഷികളില്‍ നിന്നാണോ പക്ഷിപ്പനി പടര്‍ന്നതടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്.