LiveTV

Live

Kerala

ചന്ദ്രിക റെയ്ഡ് പാലാരിവട്ടം അഴിമതിയുടെ തെളിവ് തേടിയെന്ന് മുഖ്യമന്ത്രി; ആ പണം തന്‍റേതല്ലെന്ന് ഇബ്രാഹിംകുഞ്ഞ്

വിജിലൻസ് പരിശോധന പത്രത്തിനെതിരായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ചന്ദ്രിക റെയ്ഡ് പാലാരിവട്ടം അഴിമതിയുടെ തെളിവ് തേടിയെന്ന് മുഖ്യമന്ത്രി; ആ പണം തന്‍റേതല്ലെന്ന് ഇബ്രാഹിംകുഞ്ഞ്

ചന്ദ്രിക ദിനപത്രത്തിന്‍റെ ഓഫീസിൽ വിജിലന്‍സ് റെയ്ഡ് നടത്തിയത് പാലാരിവട്ടം അഴിമതിയുടെ തെളിവുകൾ തേടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് തവണയായി 10 കോടി രൂപ ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇബ്രാഹിം കുഞ്ഞിന്റെ പണമാണെന്ന് ആരോപണം വന്നതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചന്ദ്രിക അക്കൌണ്ടിലേക്ക് എത്തിയ പണം തന്‍റേതല്ലെന്ന് ഇബ്രാഹിം കുഞ്ഞ് നിയമസഭയില്‍ വിശദീകരിച്ചു.

ചന്ദ്രിക പത്രത്തിന്‍റെ ഓഫീസുകളിൽ നടന്ന പരിശോധനയെ പ്രതിപക്ഷ എംഎൽമാരാണ് നിയമസഭയിൽ വിമർശിച്ചത്. മോദിയുടേയും അമിത് ഷായുടേയും നയമാണ് കേരളത്തിലെന്നും ചന്ദ്രിക ഓഫീസിലെ വിജിലൻസ് റെയ്ഡ് അതിനു തെളിവാണെന്നും പി. ഉബൈദുള്ള പറഞ്ഞു. പരിശോധനയുടെ പേരിൽ താടറിച്ച് കാണിക്കാൻ ശ്രമം നടക്കുന്നുവെന്ന് എം.കെ മുനീർ ആരോപിച്ചു. സഭയിലെ സഹപ്രവർത്തകർ പ്രതികളാകാൻ നമ്മളാരും ആഗ്രഹിക്കില്ലെന്നും എന്നാൽ നിയമം നിയമത്തിന്റെ വഴക്കു സഞ്ചരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ചന്ദ്രികയുടെ അക്കൗണ്ടും താനുമായി ഒരു ബന്ധവുമില്ലെന്നും പണം തന്‍റേതല്ലെന്നും ഇബ്രാഹിം കുഞ്ഞ് മറുപടി നൽകി. ചന്ദ്രിക പത്രം എല്ലാ വർഷവും ക്യാമ്പയിൻ നടത്താറുണ്ട്. 2016ലെ ക്യാമ്പയിൻ തുകയാണ് എറണാകുളത്ത് ബ്രാഞ്ചിലേക്ക് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. രേഖകള്‍ വേണമെന്നുണ്ടായിരുന്നെങ്കില്‍ ചോദിച്ചാല്‍ നല്‍കുമായിരുന്നുവെന്നും റെയ്ഡ് നടത്തേണ്ട കാര്യമില്ലായിരിന്നുവെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. വിജിലൻസ് പരിശോധന പത്രത്തിനെതിരായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.