LiveTV

Live

Kerala

പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്

 പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍‌ കണ്ടെത്തി. കാരമൂല സുബുലുല്‍ ഹുദ മദ്രസയുടെ സമീപ പ്രദേശത്തായിരുന്നു വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചു. എന്നാല്‍‌ ഇത് പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.

കാരശേരി കാരമൂലയിലെ സുബുലുല്‍ ഹുദ മദ്രസയുടെ മുന്‍പിലെ മരത്തില്‍ വവ്വാലുകള്‍ പാര്‍ക്കുന്നുണ്ട്. ഇതിന് സമീപത്താണ് ഇന്ന് രാവിലെ വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശമായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഇത് ജനങ്ങളെ ആശങ്കയിലാക്കി.

പക്ഷിപ്പനി പ്രതിരോധത്തിനുള്ള കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെവരോട് ആദ്യം സ്വന്തം നിലയില്‍ വവ്വാലുകളെ കുഴിച്ചിടാനുള്ള നിര്‍ദേശം ഇതിനിടെ അധികൃതര്‍ നല്‍കുകയുണ്ടായി. എന്നാല്‍ പിന്നീട് മൃഗസംരക്ഷണ വകുപ്പ്,ആരോഗ്യ വകുപ്പ്,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചു. ഇവ പാലോട് വെറ്റിനറി ലാബില്‍ പരിശോധിക്കും. സാമ്പിളുകള്‍ ശേഖരിച്ച ശേഷം വവ്വാലുകളെ കത്തിച്ചു കളഞ്ഞു.

ഇത് പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. എച്ച് 18 വൈറസ് ബാധയാവാം വവ്വാലുകള്‍ കൂട്ടത്തോടെ ചാവാനുള്ള കാരണം. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. പ്രദേശത്ത് കുമ്മായം ഇടുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി.

ജില്ലാ അതിര്‍ത്തികളിലെ പരിശോധന തുടരും. മാംസ വില്‍പന നിരോധനം പാലിക്കപ്പെടുന്നുണ്ടോയെന്നുള്ള പരിശോധന കര്‍ശനമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.