LiveTV

Live

Kerala

കോടികള്‍ കുടിശ്ശിക; വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ അറ്റകുറ്റപ്പണികളടക്കം നിര്‍ത്തി സമരത്തില്‍

1000 കോടി രൂപയോളമാണ് വിവിധയിനത്തില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്.

കോടികള്‍ കുടിശ്ശിക; വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ അറ്റകുറ്റപ്പണികളടക്കം നിര്‍ത്തി  സമരത്തില്‍

കോടികള്‍ കുടിശ്ശികയായതോടെ അറ്റകുറ്റപ്പണികളടക്കം നിര്‍ത്തി വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ സമരം തുടങ്ങി. 1000 കോടി രൂപയോളമാണ് വിവിധയിനത്തില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. വേനല്‍ തുടങ്ങിയ സാഹചര്യത്തില്‍ കരാറുകാര്‍ സമരം തുടങ്ങിയത് കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കും.

ഒരു വര്‍ഷമായിട്ടുള്ള കുടിശ്ശിക തുകയാണ് വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടിലെ പദ്ധതികള്‍ ഏറ്റെടുത്ത വകയില്‍ 25 കോടി രൂപ കിട്ടാനുണ്ട്. സ്റ്റേറ്റ് പ്ലാന്‍ വഴിയുള്ള പദ്ധതികള്‍ ഏറ്റെടുത്തതിന് 550 കോടി രൂപ കുടിശ്ശികയായി. അറ്റകുറ്റപ്പണി നടത്തിയതുള്‍പ്പെടെ ലഭിക്കാനുള്ളത് 300 കോടി രൂപയാണ്. കുടിശ്ശികയിനത്തില്‍ ആകെ 1000 കോടി രൂപയിലേറെ ആയതോടെയാണ് സമരത്തിലേക്ക് കടക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്. പൈപ്പ് ലൈനുകളുടെയടക്കം അറ്റകുറ്റപ്പണികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

അറ്റകുറ്റപ്പണി കൂടി മുടങ്ങുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാരും നിലവില്‍ സമരത്തിലാണ്. ഇത് ഗ്രാമ പ്രദേശങ്ങളിലെ കുടിവെളള വിതരണത്തെയും സാരമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുടിശ്ശിക തുക കൊടുത്തു തീര്‍ക്കാന്‍ സാധിക്കാത്തതെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം.