LiveTV

Live

Kerala

ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍; ഭക്തിസാന്ദ്രമായി അനന്തപുരി

നഗരപരിധിയിലെ 32 വാർഡുകളിലായി അണി നിരന്ന പൊങ്കാല അടുപ്പുകളിൽ ഭക്തിയുടെ അഗ്നിനാളമുയർന്നു

 ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍; ഭക്തിസാന്ദ്രമായി അനന്തപുരി

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമാവാന്‍ ഇത്തവണയും നിരവധി പേരെത്തി. പത്ത് കിലോമീറ്റര്‍ പരിധിയില്‍ ലക്ഷക്കണക്കിന് പൊങ്കാലയടുപ്പുകളാണ് ഒരുക്കിയത്.

മിനുട്ടുകൾക്കകമാണ് അനന്തപുരി അക്ഷരാർഥത്തിൽ യാഗശാലയായി മാറിയത്. നഗരപരിധിയിലെ 32 വാർഡുകളിലായി അണി നിരന്ന പൊങ്കാല അടുപ്പുകളിൽ ഭക്തിയുടെ അഗ്നിനാളമുയർന്നു. പുലർച്ച തന്നെയെത്തിയ സ്ത്രീ ഭക്തർ കുരവയിട്ട് ദേവിക്ക് നിവേദ്യമൊരുക്കി.

മൂവായിരത്തിലധികം പൊലീസ് സേനാംഗങ്ങൾ ഭക്തർക്ക് സുരക്ഷയൊരുക്കി. നഗരത്തിലെത്തിയ ഭക്തർക്ക് ഭക്ഷണം നൽകി സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും സജീവമായി. ഒരേസമയം നിവേദ്യം സമർപ്പിക്കുന്നതിനായി 250ൽ പരം ശാന്തിമാരുടെ സേവനമാണ് ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയത്. അതോടെ നാളുകൾ നീണ്ട പ്രത പുണ്യത്തിന് സമാപനം കുറിച്ച് ദേവിക്ക് നിവേദ്യം സമർപ്പിച്ചു. പൊങ്കാല കഴിഞ്ഞയുടനേ കോർപ്പറേഷന്റെ 2500 ശുചീകരണ തൊഴിലാളികളുടെ ശ്രമകരമായ ജോലിയിലൂടെ നഗരം പൂർവസ്ഥിതിയിലാക്കി.