LiveTV

Live

Kerala

പത്തനംതിട്ടയില്‍ ഐസലേഷനിലുള്ളവരുടെ എണ്ണം 11 ആയി; 14 ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു

കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു

പത്തനംതിട്ടയില്‍ ഐസലേഷനിലുള്ളവരുടെ എണ്ണം 11 ആയി; 14 ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു

പത്തനംതിട്ട ജില്ലയില്‍ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 11 ആയി. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

കോവിഡ് 19 ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ട 150 പേരുടെ പ്രൈമറി ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെയാണ് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി. കൂടുതല്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറക്കാനും തീരുമാനിച്ചു.

രോഗബാധിതരുമയി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമായി തന്നെ തുടരുകയാണ്. നിലവില്‍ 9 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പത്തനംതിട്ടയിൽ നിരീക്ഷത്തിലുണ്ടായിരുന്ന രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതോടെ കോട്ടയത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5 ആയി.

രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് 14 ദിവസത്തേക്ക് ജില്ലയിലെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കോടതിയിലെ കേസ് നടപടികളും നിര്‍ത്തിവെച്ചു.