LiveTV

Live

Kerala

സെൻസസിലെ ആശങ്ക: മുസ്‍ലിം സംഘടനകൾ രാഷ്ട്രീയ പാര്‍ട്ടികളുമായി ചർച്ച നടത്തും

ഈ മാസം 16നാണ് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം.

സെൻസസിലെ ആശങ്ക: മുസ്‍ലിം സംഘടനകൾ രാഷ്ട്രീയ പാര്‍ട്ടികളുമായി ചർച്ച നടത്തും

സെൻസസിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകളുമായി ചർച്ച നടത്തും. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിന് മുന്നോടിയായാണ് മുസ്‍ലിം സംഘടനകളുടെ പ്രതിനിധി സംഘം രാഷ്ട്രീയ നേതൃത്വത്തെ കണ്ട് നിലപാട് അറിയിക്കുക.

ഈ മാസം 16നാണ് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം. ഇതിന് മുന്നോടിയായാണ് സെൻസസ് സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാനായി മുസ്‍ലിം സംഘടനകൾ കോഴിക്കോട് യോഗം ചേർന്നത്. ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ സെൻസസ് നടപടി ക്രമങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നതായി വിലയിരുത്തി.

ഈ സാഹചര്യത്തിൽ മുസ്‍ലിം സംഘടനകളുടെ ആശങ്ക എല്ലാ രാഷ്ട്രീയ പാർട്ടികളേയും അറിയിക്കും. ഇതിനായി മുസ്‍ലിം സംഘടനകൾ സർവ്വകക്ഷി യോഗത്തിൽ പങ്കാളിത്വമുള്ള രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ദുരൂഹതകൾ ഇല്ലാതാക്കിയ ശേഷം മാത്രമേ സെൻസസ് നടത്താവൂ എന്നതാണ് മുസ്‍ലിം സംഘടനകളുടെ പൊതുതീരുമാനം. സി.എ.എ വിരുദ്ധ പ്രക്ഷോഭവും യോഗത്തിൽ ചർച്ചയായി. ലീഗ്, സമസ്ത, കാന്തപുരം വിഭാഗം, മുജാഹിദ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്‍ലാമി, എം.എസ്.എം എന്നീ സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.