LiveTV

Live

Kerala

മാസ്കുകൾക്ക് അമിത വില: കോട്ടയത്തെ മെഡിക്കൽ സ്റ്റോറുകളിൽ റെയ്ഡ്

ഡെപ്യൂട്ടി കലക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

മാസ്കുകൾക്ക് അമിത വില: കോട്ടയത്തെ മെഡിക്കൽ സ്റ്റോറുകളിൽ റെയ്ഡ്

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില ഇടാക്കുന്ന കടകളിൽ റെയ്ഡ്. കോട്ടയം നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിലാണ് റെയ്ഡ് നടന്നത്. ഡെപ്യൂട്ടി കലക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മാസ്ക്കിനും സാനിറ്റൈസറിനും ആവശ്യക്കാർ ഏറിയ സാഹചര്യത്തിലാണ് ചില മെഡിക്കൽ സ്റ്റോറുകൾ അമിത വില ഇടാക്കിയത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് റെയ്ഡ് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കോട്ടയം നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കടകളിലെ ബില്ലുകൾ ഉൾപ്പെടെ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ അനിൽ ഉമ്മൻ വ്യക്തമാക്കി.

വിവിധയിടങ്ങളിൽ മാസ്കുകൾക്ക് ഉൾപ്പെടെ ദൗർലഭ്യം ഉള്ളതായും പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.