LiveTV

Live

Kerala

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍

കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പം കൊച്ചിയിലെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലർച്ചെ 7.55ന് ദുബൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ എമിറേറ്റ്സിന്‍റെ EK 530 എന്ന വിമാനത്തിലാണ് കുടുംബം എത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. മാതാപിതാക്കളുടെ സ്രവം പരിശോധനക്കയച്ചു.

ഇറ്റലിയില്‍ നിന്ന് ദുബൈവഴി എമിറേറ്റ്സിന്റെ ഇകെ 530 കണക്ഷന്‍ ഫ്ലൈറ്റിലാണ് കുട്ടിയും മാതാപിതാക്കളും നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്സൽ സ്ക്രീനിംഗ് സംവിധാനത്തിൽ സ്ക്രീനിംഗ് നടത്തിയപ്പോഴാണ് കുട്ടിക്ക് പനി ഉണ്ടെന്നറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെയും മാതാപിതാക്കളെയും ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സാമ്പിൾ പരിശോധന ഫലമാണ് ആദ്യം ലഭിച്ചത്.

വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രാഥമിക വൈദ്യ പരിശോധനകള്‍ക്ക് എല്ലാ ജില്ലയിലും സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ 13 പേരാണ് ഐസൊലേഷൻ വാർഡുകളില്‍ നിരീക്ഷണത്തിലുള്ളത്. 151 പേർ വീടുകളിലും നിരീക്ഷണത്തിൽ ഉണ്ട്.

ഇറ്റലിയില്‍ നിന്നെത്തിയെന്ന വിവരം മറച്ചുവെച്ചിട്ടില്ലെന്ന് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്
Also Read

ഇറ്റലിയില്‍ നിന്നെത്തിയെന്ന വിവരം മറച്ചുവെച്ചിട്ടില്ലെന്ന് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

അതേസമയം ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി പറഞ്ഞു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും രോഗം ബാധിച്ച യുവാവ് മീഡിയവണിനോട് പറഞ്ഞു.