LiveTV

Live

Kerala

കുഞ്ഞിന്‍റെ മൃതദേഹമെന്ന സംശയത്തില്‍ ഖബറിലെ മണ്ണുനീക്കിയപ്പോള്‍ കണ്ടത്..

കുഞ്ഞിന്‍റെ മൃതദേഹമെന്ന സംശയത്തില്‍ ഖബറിലെ മണ്ണുനീക്കിയപ്പോള്‍ കണ്ടത്..

കോതമംഗലത്ത് കുരിമ്പിനാംപാറ ജുമാ മസ്ജിദിലെ ഖബറില്‍ നിന്ന് കണ്ടെത്തിയത് ചീഞ്ഞളിഞ്ഞ വെള്ളരി. കുട്ടിയുടെ മൃതദേഹമെന്ന സംശയത്താല്‍ പൊലീസ് കാവലിലായിരുന്നു പള്ളിയും പരിസരവും. കൂടോത്ര വിശ്വാസികളാരെങ്കിലുമാകാം വെള്ളരി കുഴിച്ചിട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്.

ഖബറിസ്ഥാനിൽ സംശയാസ്പദമായ സാഹചര്യത്തിൽ മണ്ണിളകിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍‌ന്ന് നടത്തിയ അന്വേഷണത്തിൽ തുണിയില്‍ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹമെന്ന് തോന്നിക്കും വിധമുളള വസ്തു കണ്ടെടുത്തു. കുഞ്ഞിന്‍റെ മൃതദേഹമാകാമെന്ന സംശയത്തിന്‍റെ പേരിൽ പ്രദേശത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒ ആർ രേണു, കോതമംഗലം തഹസീൽദാർ റേച്ചൽ വർഗീസ്, ഫോറൻസിക് വിദഗ്ധ അനു ഫിലിപ്പ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കോതമംഗലം എസ്.ഐ ദിലീഷ് കബറിലെ മണ്ണ് നീക്കി തുണിക്കച്ച പുറത്തെടുത്തു. തുറന്ന് നോക്കിയപ്പോള്‍ ചീഞ്ഞളിഞ്ഞ വെള്ളരി. ആശങ്കകളുടെ നിമിഷങ്ങള്‍ പിന്നെ പൊട്ടിച്ചിരിയുടേതായി.

പരിശോധനയില്‍ വെള്ളരിക്കയുടെ പുറത്ത് അറബി അക്ഷരങ്ങള്‍ എഴുതിയിരുന്നു. വെള്ളരിക്കക്ക് പിന്നിലെ കൂടോത്രക്കാരനെ തിരയുകയാണ് പൊലീസ്.