LiveTV

Live

Kerala

നീരൊഴുക്ക് നിലച്ചു; പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയില്‍

ഇടുക്കി ജലവൈദ്യുതി പദ്ധതിയിലേക്ക് ഒഴുകിയെത്തേണ്ട വെള്ളം ഉഗ്രശേഷിയുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് എസ്റ്റേറ്റുകളിലേക്ക് ഉറ്റുന്നത്

നീരൊഴുക്ക് നിലച്ചു; പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയില്‍

നീരൊഴുക്ക് നിലയ്ക്കാറായതോടെ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലാണ്. ഹൈറേഞ്ചിലെ വന്‍കിട എസ്റ്റേറ്റുകളിലേക്ക് അനുമതിയില്ലാതെ നടത്തുന്ന ജലമൂറ്റും ഇതിന് പ്രധാന കാരണമാണ്.

വേനല്‍ കാലം തെറ്റിയതോടെ പെരിയാർ വറ്റി വരളുകയാണ്. അങ്ങിങ്ങായി കയങ്ങളില്‍ മാത്രം വെള്ളം ബാക്കി. ഇതോടെ പെരിയാറിനെ ആശ്രയിച്ചുള്ള ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളൊക്കെ പ്രതിസന്ധിയിലാണ്. പദ്ധതികളില്‍ നിന്നുള്ള ജലവിതരണം ആഴ്ചയില്‍ ഒന്നോ രണ്ടോ ആയതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. എസ്റ്റേറ്റുകളിലെ വന്‍കിടജലമൂറ്റ് തന്നെയാണ് ഇത്രവേഗം കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം എന്നാണ് നാട്ടുകാരുടെ പരാതി.

എസ്റ്റേറ്റ് മേഖലകളിലെ അനധികൃത ജലമൂറ്റ് തടയണമെന്ന് കാട്ടി ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയർ ജില്ലാ കലക്ടർക്ക് ശുപാർശ നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയിലേക്ക് ഒഴുകിയെത്തേണ്ട വെള്ളം ഉഗ്രശേഷിയുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് എസ്റ്റേറ്റുകളിലേക്ക് ഉറ്റുന്നത്. എന്നാല്‍ ഇതു തടയാന്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നും പെരിയാർ തീരവാസികള്‍ പറയുന്നു. ഇത്തരം ജലമൂറ്റ് തുടർന്നാല്‍ വരും ദിവസങ്ങളില്‍ പെരിയാർ വെറും പാറക്കെട്ടുകളായി മാറും.