LiveTV

Live

Kerala

കോവിഡ് 19; ഐസൊലേഷനില്‍ കിടക്കാന്‍ എന്തിന് ഭയക്കണമെന്ന് ഷാക്കിര്‍, അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

കോവിഡ് 19; ഐസൊലേഷനില്‍ കിടക്കാന്‍ എന്തിന് ഭയക്കണമെന്ന് ഷാക്കിര്‍, അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

കോവിഡ് 19 ബാധയുണ്ടെന്ന സംശയത്താലാണ് കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലൂ ട്രാവലര്‍ കേരള ആരോഗ്യ വകുപ്പിനെ ബന്ധപ്പെടുന്നത്. നാല് മാസമായി ബൈക്കിലൂടെ ലോകം കീഴടക്കുന്ന ഷാക്കിര്‍ ഇറാനില്‍ നിന്നും അസര്‍ബൈജാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊറോണ ഭീതി കാരണം നാട്ടിലേക്ക് തിരിക്കുന്നത്. കൊറോണ കാരണം ഇറാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഷാക്കിര്‍ ഉടന്‍ തന്നെ സ്വദേശമായി കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു. അത് വരെ തന്റെ കൂട്ടായ ബൈക്ക് കസ്റ്റംസിനെ ഏല്‍‌പ്പിച്ച് ഷാക്കിര്‍ ഉടന്‍ തന്നെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി പറന്നു.

കണ്ണൂരില്‍ വിമാനമിറങ്ങിയ ഉടന്‍ മെഡിക്കല്‍ ടീമിനെ വിവരമറിയിച്ച ഷാക്കിറിനെ സര്‍ക്കാര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതലുള്ള നിമിഷങ്ങള്‍ ഷാക്കിര്‍ തന്റെ മല്ലൂ ട്രാവലര്‍ എന്ന യൂട്യൂബ് വ്ലോഗിന് വേണ്ടി ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ ആംബുലന്‍സില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നതും തുടര്‍ന്നുള്ള എല്ലാ പരിശോധനകളും കാത്തിരിപ്പുകളും ഷാക്കിര്‍ തന്റെ വ്ലോഗില്‍ പങ്കുവെച്ചു. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും കഫമെടുത്ത് ആലപ്പുഴയില്‍ പരിശോധനക്കയച്ചതില്‍ നിന്നും ഷാക്കിറിന്റെ ഫലം നെഗറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം. യാത്രയിലുടനീളം മുഖാവരണം ധരിച്ചതിനാലും ബൈക്കിലൂടെയുള്ള യാത്രയില്‍ ഹെല്‍മറ്റും മുഖം മറച്ചതും തന്നെ ഒരുപാട് രക്ഷിച്ചുണ്ടെന്ന് ഷാക്കിര്‍ വീഡിയോ വ്ലോഗില്‍ പറയുന്നു. നിലവില്‍ ആറ് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ട ഷാക്കിറിന്റെ മല്ലു ട്രാവലര്‍ എന്ന യൂട്യൂബ് അക്കൌണ്ടിലെ വീഡിയോ കേരളം കൊറോണയെ എങ്ങനെ പ്രശംസനീയമായ രീതിയില്‍ നേരിടുന്നെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ആശുപത്രിയില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച ചികിത്സ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ഷാക്കിര്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ സന്തോഷം രേഖപ്പെടുത്തി. ഇനിയും ആരെങ്കിലും രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ ഒരു മടിയും കൂടാതെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഷാക്കിര്‍ പറയുന്നു.

രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാത്യകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഇറ്റലിയിൽ നിന്ന് പത്തനംതിട്ട റാന്നിയിൽ വന്ന കുടുംബത്തിലെ മൂന്ന് പേർക്കും അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേർക്കും ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് വന്ന വിവരം അവര്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്താന്‍ മടിച്ച മൂന്ന് പേരെയും ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഖത്തർ എയർലെൻസിന്റെ 126, 514 നമ്പർ വിമാനങ്ങളില്‍ എത്തിയ യാത്രക്കാർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.