LiveTV

Live

Kerala

കുട്ടനാട് തെരഞ്ഞെടുപ്പ്; എൻ.സി.പിയില്‍ സ്ഥാനാർത്ഥി തർക്കം

എൻ.സി.പിയുടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർ‌ണയം വൈകുന്നു.

കുട്ടനാട് തെരഞ്ഞെടുപ്പ്; എൻ.സി.പിയില്‍ സ്ഥാനാർത്ഥി തർക്കം

എൻ.സി.പിയുടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർ‌ണയം വൈകുന്നു. നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത്. സ്ഥാനാർഥിയെ തീരുമാനിക്കാൻ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷനേയും രണ്ടു എം.എൽ.എ മാരേയുമാണ് കഴിഞ്ഞ നേതൃയോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാന സെക്രട്ടറി ജനറൽ സലിം പി.മാത്യു, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ദേശീയ സെക്രട്ടറി ജോസ് മോൻ. ഈ മൂന്നു പേരുകളാണ് സംസ്ഥാന ഭാരവാഹിയോഗത്തിനു മുന്നിലുള്ളത്. സ്ഥാനാർഥി നിർണയത്തിന് കൊച്ചിയിൽ കഴിഞ്ഞ ദിവസം ചേരാനിരുന്ന യോഗം നടന്നില്ല. നേതൃത്വത്തിലെ കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്നാണ് യോഗം നടക്കാതിരുന്നത്.

തോമസ്.കെ.തോമസിനെ തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന്റെ നിലപാട്. ഭാരവാഹിയോഗത്തിൽ തോമസ് ചാണ്ടിയുടെ ഭാര്യയുടെ ശുപാർശ കത്തുമായാണ് ടി.പി.പീതാംബരൻ എത്തിയത്. എന്നാൽ അതുവായിക്കാൻ പോലും എതിർവിഭാഗം അനുവദിച്ചില്ല. ഇപ്പോഴും തോമസ് കെ.തോമസിനു വേണ്ടിയുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ടി.പി പിതാംബരൻ. പാലാ എംഎൽഎ മാണി സി.കാപ്പൻ അടക്കം ഒരു വിഭാഗം സലിം പി.മാത്യുവിനൊപ്പമാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള സലിം പി.മാത്യുവിനെ സ്ഥാനാർഥിയാക്കണമെന്നാണ് ഈ വിഭാഗത്തിൻ്റെ നിലപാട്. ജില്ലാഘടകങ്ങളിൽ ഭൂരിഭാഗവും സി.പി.എമ്മും പിന്തുണയ്ക്കുന്നത് സലിം പി.മാത്യുവിനെ തന്നെയാണ്. തർക്കം രൂക്ഷമായതോടെ ദേശീയ സെക്രട്ടറി ജോസ് മോന്റെ സാധ്യത മങ്ങി. ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗത്തിലും തീരുമാനമായില്ലെങ്കിൽ സ്ഥാനാർത്ഥി നിർണ്ണയം കേന്ദ്ര നേതൃത്വത്തിനു വിടും.