LiveTV

Live

Kerala

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും

മൃഗസംരക്ഷണ വകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെത്തി പക്ഷികളെ നശിപ്പിക്കുക

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ വളര്‍ത്തുപക്ഷികളെ നശിപ്പിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും. മൃഗസംരക്ഷണ വകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെത്തി പക്ഷികളെ നശിപ്പിക്കുക.

പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങേരിയിലുമായി 8000ത്തോളം വളര്‍ത്ത് പക്ഷികളെയാണ് കൊല്ലുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ഇന്ന് രാവിലെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ഫാമിലും വീട്ടിലും ഉദ്യോഗസ്ഥരെത്തും. കര്‍ശനമായ സുരക്ഷ മുന്നൊരുക്കത്തിലായിരിക്കും നടപടികള്‍.

പക്ഷിപ്പനി കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും പക്ഷികളുടെ മുട്ടകളും നശിപ്പിക്കും. 10 കിലോമീറ്റര്‍ ചുറ്റളവ് സൂക്ഷമ നിരീക്ഷണ കേന്ദ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള കോഴിഫാമുകളും കോഴിക്കടകളും അടച്ചിടാനുള്ള നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ദേശാടനപക്ഷികളില്‍ നിന്നാണ് പക്ഷിപ്പനി പടര്‍ന്നതെന്നാണ് നിഗമനം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാമുകൾ ഉൾപ്പടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകി.