LiveTV

Live

Kerala

കേരള കോൺഗ്രസ് ജോണി നെല്ലൂർ പക്ഷം ജോസഫ് വിഭാഗത്തിൽ ലയിച്ചു

അതേസമയം ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നത് വ്യക്തി താത്പര്യം മുൻനിർത്തിയാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി

കേരള കോൺഗ്രസ് ജോണി നെല്ലൂർ പക്ഷം  ജോസഫ് വിഭാഗത്തിൽ ലയിച്ചു

കേരള കോൺഗ്രസ് ജോണി നെല്ലൂർ പക്ഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചു. ഉപാധികളില്ലാതെയാണ് ലയനമെന്നും മറിച്ചുള ആരോപണങ്ങൾ തെറ്റാണെന്നും ജോണി നെല്ലൂർ പറഞ്ഞു. അതേസമയം ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നത് വ്യക്തി താത്പര്യം മുൻനിർത്തിയാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി.

പിളര്‍പ്പും ലയനവും തുടര്‍കഥയായ കേരള കോൺഗ്രസിൽ ഒരു ലയനം കൂടി. കേരള കോൺഗ്രസ് ജേക്കബ് പാർട്ടിയിൽ നിന്ന് ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിലെത്തിയത്. കേരള കോൺഗ്രസുകളുടെ യോജിപ്പിനുള്ള തുടക്കമാണ് ഇന്നത്തെ ലയനമെന്ന് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.ജെ ജോസഫ് പറഞ്ഞു. അനൂപ് ജേക്കബും ജോസ് കെ. മാണിയും വൈകാതെ തങ്ങൾക്ക് ഒപ്പം വരേണ്ടി വരും എന്ന് ജോണി നെല്ലൂർ പറഞ്ഞു.

എട്ട് ജില്ലാ പ്രസിഡന്റുമാരടക്കം പാർട്ടിയിലെ ഭൂരിഭാഗം പ്രവർത്തകരും തങ്ങൾക്കൊപ്പമെന്നാണ് ജോണി നെല്ലൂരിന്റെ അവകാശവാദം. എന്നാൽ പാർട്ടിയിലെ ഭൂരിപക്ഷവും തനിക്കൊപ്പമെന്ന് ആവർത്തിച്ച് അനൂപ് ജേക്കബ് രംഗത്തെത്തി.

ജോണി നെല്ലൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും അനുപ് അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടി യു.ഡി.എഫിൽ ശക്തി തെളിയിക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.