LiveTV

Live

Kerala

കോവിഡ് നയന്റീന്‍: പത്തനംതിട്ട അതീവ ജാഗ്രതയില്‍; 3000 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍

കോട്ടയത്ത് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് നയന്റീന്‍: പത്തനംതിട്ട  അതീവ ജാഗ്രതയില്‍; 3000 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍

അഞ്ച് പേര്‍ക്ക് കോവിഡ് നയന്റീന്‍ സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയില്‍ കനത്ത ജാഗ്രത. ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതര്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി സൂചനയുണ്ട്. 3000ത്തോളം പേര്‍ നിരീക്ഷണത്തിലായതോടെ പൊതു പരിപാടികളടക്കം ഉപേക്ഷിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നും എത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടിട്ടും പറയാതിരുന്നതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ഇതോടെ മൂവായിരം പേരാണ് ജില്ലയില്‍ തന്നെ നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കായി 2 ഡോക്ടര്‍മാരടങ്ങുന്ന എട്ട് ടീമുകളെ നിയോഗിച്ചു. പൊതുപരിപാടികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റാന്നിയില്‍ ഇരുനൂറിലധികം കുടുംബങ്ങളുമായി രോഗബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് എംഎല്‍എ അടക്കമുള്ളവര്‍ പറയുന്നത്. രോഗബാധിതരായവരുടെ മാതാപിതാക്കളേയും ഇന്ന് ആശുപത്രിയിലേക്ക് മാറ്റി.

ദുബായില്‍ നിന്നും വന്ന രണ്ട് പേരും ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ക്യൂആര്‍ 514 വിമാനത്തില്‍ വന്ന പത്തനംതിട്ടക്കാരായ മറ്റ് ചിലരും നിരീക്ഷണത്തിലുണ്ട്. ഇറ്റലിയില്‍ നിന്നും എത്തിയ ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഇറ്റലിയില്‍ നിന്നും എത്തിയവരെ വിമാനത്താവളത്തില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുവന്ന ബന്ധുക്കളായ മൂന്ന് കോട്ടയം സ്വദേശികളും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ജില്ലയില്‍ ഉന്നതല യോഗം നടന്നു. ജില്ലയിലെ എല്ലാ എം.എൽ.എമാരും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് നയന്‍റീന്‍ ബാധിച്ചവരുമായി ഇടപഴകിയവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. രോഗികള്‍ സഞ്ചരിച്ച വിമാനത്തില്‍ യാത്ര ചെയ്തവരും റിപ്പോര്‍ട്ട് ചെയ്യണം.

രോഗബാധിതര്‍ 3000 ത്തോളം പേരുമായി ഇടപഴകിയതായി സംശയമുള്ളതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇവരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടികൊണ്ട് വന്നവരെ മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നുണ്ട്. റാന്നിയിലെ മൂന്ന് പള്ളികളിലെ പ്രാർത്ഥനകൾ മാറ്റിവെച്ചു. പത്തനംതിട്ട ജില്ലയിൽ പൊതുവിതരണ കേന്ദ്രങ്ങളിൽ ബയോമെട്രിക് സംവിധാനം ഒഴിവാക്കി റേഷൻ നൽകാനും യോഗത്തില്‍ തീരുമാനമായി.