LiveTV

Live

Kerala

കോവിഡ് 19: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ബേ  

മലേഷ്യ, തായ്‌ലാന്‍ഡ്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് പാര്‍ക്കിങ് ബേ.

കോവിഡ് 19: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ബേ  

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ജാഗ്രത കര്‍ശനമാക്കി. വിമാനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ബേ ഏര്‍പ്പെടുത്തി. മലേഷ്യ, തായ്‌ലാന്‍ഡ്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് പാര്‍ക്കിങ് ബേ.

എറണാകുളം ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. മൂന്ന് രോഗികൾ വിമാനത്താവളത്തിലെത്തി പുറത്തുകടന്ന വഴികൾ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. യാത്രക്കാർ പത്തനംതിട്ടക്ക് പോയ ടാക്സിയുടെ വിവരങ്ങള്‍ കണ്ടുപിടിക്കുമെന്നും കലക്ടര്‍ പറഞ്ഞു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേക ഇമിഗ്രേഷൻ കൌണ്ടറുകളടക്കം സജ്ജീകരിക്കും.

കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്. ദോഹയില്‍ നിന്നും എത്തിയതിനാല്‍ ഇവരെ സ്ക്രീനിംഗ് ടെസ്റ്റിന് വിധേയരാക്കിയിരുന്നില്ല. വിമാനത്താവളത്തില്‍ ഇവര്‍ എത്തിയപ്പോഴുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും സ്ക്രീനിംഗും യാത്രാ വിശദാംശങ്ങൾ‌ രേഖപ്പെടുത്താന്‍ ഫോമുകൾ‌ പൂരിപ്പിക്കുന്നതിന് പ്രത്യേക സൌകര്യവും ഏര്‍പ്പെടുത്തി.

മലേഷ്യ, തായ്‍ലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് ബേയും എയറോബ്രിഡ്ജും ഏര്‍പ്പെടുത്തി. ഇവിടെ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക ആരോഗ്യ സ്ക്രീൻ കൌണ്ടറുകൾ, ഇമിഗ്രേഷൻ കൌണ്ടറുകൾ, ഹാൻഡ് ബാഗേജ് സ്ക്രീനിംഗ് എക്സ്-റേ, രജിസ്റ്റർ ചെയ്ത ബാഗേജ് ബെൽറ്റുകൾ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യ, തായ്‍ലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ മറ്റ് യാത്രക്കാരുമായി കൂടിക്കലരാന്‍ അനുവദിക്കില്ലെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.